Jisha Murder case; Investigation team will turn, possibility for a woman ADGP

കൊച്ചി: തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച എക്‌സിറ്റ് പോള്‍ ഫലം ശരിയായാല്‍ അത് ജിഷ കൊലക്കേസ് അന്വേഷണത്തിലും നിര്‍ണ്ണായകമാവും.

എഡിജിപി ബി സന്ധ്യ,ശ്രീലേഖ എന്നിവരുടെ ആരുടെയെങ്കിലും നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ഉടന്‍തന്നെ നിയോഗിക്കുമെന്നാണ് സിപിഎം നേതൃത്വം നല്‍കുന്ന സൂചന.

ഉയര്‍ന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും നിലവിലുള്ള സംഘത്തെ മാറ്റണമെന്നും ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു.

നിലവില്‍ സംസ്ഥാനത്ത് ഡിഐജി-ഐജി റാങ്കുകളില്‍ വനിതാ ഐപിഎസുകാര്‍ ഇല്ലാത്തതിനാല്‍ എഡിജിപിമാരായ ബി സന്ധ്യയെയോ ആര്‍ ശ്രീലേഖയെയോ പരിഗണിക്കേണ്ടി വരും.ഇതില്‍ സന്ധ്യ അന്വേഷിക്കാനാണ് സാധ്യത കൂടുതല്‍.

ഇടതുപക്ഷ തരംഗമാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് ഉറച്ച് വിശ്വസിക്കുന്ന സിപിഎം നേതൃത്വം ജിഷ കൊലപാതക കേസ് സ്ത്രീ വോട്ടര്‍മാരെ വലിയ രൂപത്തില്‍ സ്വാധീനിച്ചതായാണ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ജനതാല്‍പര്യം മുന്‍നിര്‍ത്തി പ്രതികളെ പിടിക്കാനാവശ്യമായ നടപടി ഉടനെയുണ്ടാകുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

നിലവില്‍ കേസന്വേഷിക്കുന്ന ക്രൈംഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി എ ബി ജിജിമോനെതിരെ മുന്‍പ് എറണാകുളം റേഞ്ച് ഐജി നല്‍കിയ റിപ്പോര്‍ട്ട് ഉന്നയിച്ച് അന്വേഷണ ഉദ്യോഗസ്ഥനെതിരെ തുടക്കം മുതല്‍ സിപിഎം രംഗത്ത് വന്നിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുറ്റാന്വേഷണ രംഗത്ത് വിദഗ്ധരായ ഉദ്യോഗസ്ഥരെ കൂടി ഉള്‍ക്കൊള്ളിച്ചാണ് ഇപ്പോള്‍ ‘മാരത്തോണ്‍’ അന്വേഷണം നടക്കുന്നത്.

മരണം നടന്ന് 19 ദിവസമായിട്ടും പ്രതിയെക്കുറിച്ച് വ്യക്തമായ ഒരു നിലപാട് പോലും പറയാന്‍ പറ്റാതെ ഇരുട്ടില്‍ തപ്പുന്ന പൊലീസ്, കസ്റ്റഡിയില്‍ ഇപ്പോള്‍ എത്രപേരുണ്ട് എന്ന കാര്യം പോലും കൃത്യമായി പുറത്ത് പറയാതെ ഒഴിഞ്ഞ് മാറുകയാണ്.

ജിഷയുടെ വീട്ടുകാര്‍ മുന്‍പ് നല്‍കിയ പരാതിയില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും മൃഗീയമായി കൊലപാതകം നടന്നതായി വ്യക്തമായിട്ടും തെളിവുകള്‍ നശിപ്പിക്കുന്ന രൂപത്തില്‍ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കിയതിനുമെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ‘മറുപടി’ പറയേണ്ട സാഹചര്യമുണ്ടാകും. സിഐ, ഡിവൈഎസ്പി എന്നിവര്‍ക്കെതിരെ ഡിപ്പാര്‍ട്ട്‌മെന്റ്തല നടപടിയുണ്ടാകും.

പെരുമ്പാവൂര്‍ എംഎല്‍എ സാജു പോളിനെതിരെ ജിഷയുടെ അമ്മ പൊട്ടിത്തെറിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന സിപിഎം പ്രാദേശിക ഘടകത്തിന്റെ ആരോപണത്തിലും അന്വേഷണമുണ്ടാകും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം ജിഷയുടെ അമ്മയെ സന്ദര്‍ശിച്ച ബെന്നി ബെഹന്നാന്‍ അടക്കമുള്ളവര്‍ക്കെതിരെയായിരുന്നുസിപിഎം ആരോപണമുന്നയിച്ചിരുന്നത്.

ജിഷയുടെ അമ്മ പ്രമുഖ യുഡിഎഫ് നേതാവിന്റെ വീട്ടില്‍ ജോലിക്ക് പോയിരുന്നവരായിരുന്നുവെന്നും സമീപത്തെ ഭരണകക്ഷി അനുകൂലിയായ ഒരു പെട്രോള്‍ പമ്പ് ഉടമയും സംശയത്തിന്റെ നിഴലിലാണെന്ന തരത്തില്‍ ഉയര്‍ന്ന ആരോപണങ്ങളും പുതിയ അന്വേഷണ സംഘത്തിന്റെ പരിധിയില്‍പെടുവാനാണ് സാധ്യത.

പരിസരത്ത് നിന്ന് തങ്ങള്‍ക്ക് ലഭിച്ച ‘വിവരങ്ങള്‍’ പുതിയ അന്വേഷണ സംഘത്തിന് നല്‍കുമെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്.

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് പുതിയ ഭരണത്തിന് തുടക്കമിടാന്‍ പറ്റിയാല്‍ അത് നല്ല തുടക്കമാവുമെന്നാണ് ഇടത് കേന്ദ്രങ്ങളുടെ പ്രതീക്ഷ.

എക്‌സിറ്റ് പോളിനും മീതെ തിളക്കമാര്‍ന്ന വിജയം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് നേതാക്കള്‍. ഇനി ഫലം മറിച്ചായാല്‍ പോലും യുഡിഎഫിനെ സംബന്ധിച്ചും നിലവിലെ അന്വേഷണ സംഘവുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. ഒന്നുകില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിനോ സിബിഐക്കോ വിടുകയോ അതല്ലെങ്കില്‍ ഇടതുപക്ഷം ആവശ്യപ്പെട്ട പോലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തുടരന്വേഷണം നടത്തുക മാത്രമാണ് അവരുടെ മുന്നിലുമുള്ള പോംവഴി.

Top