Jisha Murder case; DGP submits report to Human Rights Commission

പെരുമ്പാവൂര്‍: ജിഷാ വധക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബൈഹ്‌റ. മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് നിലപാട് വ്യക്തമാക്കിയത്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് ജിഷയെ കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡിജിപിയുടെ റിപ്പോര്‍ട്ട് അപൂര്‍ണ്ണമായതിനാല്‍ അഡീഷണല്‍ റിപ്പോര്‍ട്ട് അടുത്ത മാസം 5ന് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ജിഷ വധക്കേസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയത്. ആന്തരിക അവയവങ്ങളിലേറ്റ മുറിവ് കൊലപ്പെടുന്നതിന് മുന്‍പ് തന്നെ സംഭവിച്ചു. എന്നാല്‍ ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രതിയെന്ന് സംശയിക്കുന്ന ഒമ്പത് അന്യസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും നിരീക്ഷണത്തിലാണന്ന് പറയുന്നു. എഫ്‌ഐആര്‍, ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ മനുഷ്യവകാശ കമ്മീഷന്‍ ചോദിച്ചിരുന്നെങ്കിലും ഡിജിപി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ്‌ അടുത്ത മാസം അഞ്ചിന് അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്‌.

പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്ന ഡിഎന്‍എ, വിരലടയാളം, തലമുടി എന്നിവ പോലീസിന് ലഭിച്ചെന്നും ഡിജിപി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണ്ടെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ജിഷക്ക് ഒരു വീടോ നിലവിലെ വീട്ടില്‍ കക്കൂസോ നിര്‍മ്മിച്ച് നല്‍കാന്‍ കഴിയാത്തത് ഭരണ സംവിധാനങ്ങളുടെ കഴിവില്ലായ്മ മൂലമാണെന്ന വിമര്‍ശവും ഡിജിപി ഉന്നയിച്ചിട്ടുണ്ട്.

Top