Jisha murder case; BJP Using against CPM and UDF

കൊച്ചി: ദളിത് നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ ക്രൂരമരണം തിരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമായതോടെ ഇരുമുന്നണികളെയും പ്രതിക്കൂട്ടിലാക്കി ബിജെപിയുടെ കരുനീക്കം.

പട്ടാപ്പകല്‍ സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ ഒരു സ്ത്രീക്ക് കഴിയാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെന്ന് ആക്ഷേപം നേരിടുന്ന യുഡിഎഫ് സര്‍ക്കാരിന് പ്രതിയെ സംഭവം നടന്ന് ഒരാഴ്ചയാവാറായിട്ടും പിടികൂടാന്‍ പറ്റാത്തതാണ് തിരിച്ചടിയാവുന്നത്.

ഇക്കാര്യം മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ ശക്തമായ കാമ്പയില്‍ അഴിച്ച് വിട്ട ബിജെപി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തോടെ സിപിഎമ്മിനെയും പ്രതിരോധത്തിലാക്കാനുള്ള തന്ത്രങ്ങള്‍ക്കാണ് രൂപം നല്‍കുന്നത്.

പെരുമ്പാവൂര്‍ എംഎല്‍എയും സിപിഎം നേതാവുമായ സാജു പോളിനെതിരെ ജിഷയുടെ അമ്മ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനു മുന്നിലും നടന്‍ ഇന്നസെന്റിന് മുന്‍പിലും പൊട്ടിത്തെറിച്ചത് ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ പ്രചരണം.

സാജു പോളിനെതിരായ പരാമര്‍ശം ആയുധമാക്കി യുഡിഎഫും സിപിഎമ്മിനെതിരെ സോഷ്യല്‍മീഡിയയില്‍ ശക്തമായ പ്രചരണം തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരിനെതിരായ ജനവികാരം ശക്തമായ സാഹചര്യത്തില്‍ പ്രതിഷേധം വഴിതിരിച്ച് വിടാനാണ് യുഡിഎഫ് നീക്കം.

Top