Jisha murder case; Ameerul islam in police custody

കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ കോടതി പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഇന്നു രാവിലെ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പൊലീസിന്റെ അപേക്ഷ അംഗീകരിക്കുകയായിരുന്നു. സംസ്ഥാനത്തിനു പുറത്തുകൊണ്ടുപോയി തെളിവെടുക്കേണ്ടതിനാല്‍ പത്തുദിവസത്തെയെങ്കിലും കസ്റ്റഡി വേണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അവശേഷിക്കുന്ന സാക്ഷികളുടെ തിരിച്ചറിയല്‍ പരേഡ് കൂടി പൂര്‍ത്തിയാക്കി പ്രതിയുമായി ജിഷയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ തീരുമാനം. പ്രതി ചെരുപ്പ് വാങ്ങിയ കടയുടെ ഉടമ, താമസിച്ച ലോഡ്ജിന്റെ ഉടമ, ജിഷയുടെ വീട്ടുപരിസരത്ത് പ്രതിയെ കണ്ട അയല്‍വാസികള്‍ എന്നിവരുടെ തിരിച്ചറിയല്‍ പരേഡുകളാണ് വരും ദിവസങ്ങളില്‍ നടക്കാനുള്ളത്.

പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും തെളിവെടുപ്പ് നടത്തി കഴിഞ്ഞാല്‍ പിന്നെ തമിഴ്‌നാട്ടിലും, അസമിലും പ്രതിയുമായി പോലീസ് തെളിവെടുപ്പിന് പോകും. നേരത്തെ കാക്കനാട് ജയിലില്‍ വച്ചു നടന്ന തിരിച്ചറിയില്‍ പരേഡില്‍ വച്ച് ജിഷയുടെ അയല്‍വാസിയായ സ്ത്രീ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. കൊലപാതകം നടന്ന ദിവസം ജിഷയുടെ വീട്ടില്‍ നിന്ന് പ്രതി ഇറങ്ങി പോകുന്നത് നേരില്‍ കണ്ടയാളാണ് ഈ സ്ത്രീ.

കാഞ്ചീപുരത്ത് നിന്ന് അമീര്‍ ഉള്‍ ഇസ്ലാമിനെ പോലീസ് പിടികൂടിയിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും ഇതുവരെ ഇയാളുടെ മുഖം പുറംലോകത്തിന് മുന്നില്‍ വരാന്‍ പോലീസ് അവസരം കൊടുത്തിട്ടില്ല. എല്ലാ സാക്ഷികളുടെ തിരിച്ചറിയല്‍ പരേഡും പൂര്‍ത്തിയാവുന്ന വരെ ഇയാളെ പൊതുസമൂഹത്തിന് മുന്നിലെത്തിക്കില്ല. പ്രതിയുടെ ചിത്രങ്ങള്‍ പുറത്തു വിടരുതെന്ന് സംസ്ഥാന പോലീസ് മേധാവി നേരിട്ട് തന്നെ മാധ്യമങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

Top