jisha murder case; Ameerul in Judicial custody till july 13

കൊച്ചി : ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന്റെ റിമാന്‍ഡ് കാലാവധി ജൂലൈ പതിമൂന്ന് വരെ നീട്ടി. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിക്കൊണ്ട് ഉത്തരവിട്ടത്. മുഖം മൂടി ഒഴിവാക്കിയായിരുന്നു പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.

കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അമീറിന്റെ മുഖം മൂടി നീക്കിയത്. തിരിച്ചറിയല്‍ പരേഡും തെളിവെടുപ്പും മറ്റും പൂര്‍ത്തിയായ സ്ഥിതിക്ക് ഇനിയും എന്തിനാണ് പ്രതിയുടെ മുഖം മൂടുന്നത്. ഇതു ശരിയല്ലെന്നും ഇനിയും അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി അന്വേഷണ സംഘത്തോട് പറഞ്ഞു. പരാതികളൊന്നുമില്ലെന്ന് പ്രതി കോടതിയില്‍ വ്യക്തമാക്കി.

പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു.അമീറുള്‍ ഇസ്‌ലാമിനെ ദിവസങ്ങളോളം ചോദ്യം ചെയ്തിട്ടും കൊലക്ക് ഉപയോഗിച്ച ആയുധമോ കൊലപാതകം ചെയ്യാനുണ്ടായ കാരണമോ മനസ്സിലാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.

അതേസമയം പ്രതിയെ സംഭവസ്ഥലത്തടക്കം എത്തിച്ച് തെളിവെടുപ്പ് നടത്താനും തിരിച്ചറിയല്‍ പരേഡ് നടത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞു.

കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയുമായി അന്വേഷണസംഘം ഇന്നലെ കാഞ്ചീപുരത്ത് പോയിരുന്നു. അന്വേഷണ ഉദ്യാഗസ്ഥന്‍ ഡിവൈഎസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി കാഞ്ചിപുരത്തേക്ക് പോയത്.

സംഭവ ദിവസം പ്രതി ധരിച്ച വസ്ത്രം കാഞ്ചിപുരത്ത് ഉപേക്ഷിച്ചിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണസംഘം അവിടെ തെളിവെടുപ്പിന് എത്തിയത്.

കാഞ്ചിപുരത്തെ കൊറിയന്‍ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു പ്രതി പിടിയിലായത്. ഇയാള്‍ ഇവിടെ എട്ടു ദിവസത്തോളം താമസിച്ചിരുന്നു.

Top