Jisha Murder-advacates -journalist conflict

കൊച്ചി : കോടതികളില്‍ വീണ്ടും മാധ്യമവിലക്ക്. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ഘാതകന്‍ അമിറുള്‍ ഇസ്‌ളാമിന്റെ വിചാരണ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് അഭിഭാഷകര്‍ തടഞ്ഞത്.

ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അടക്കം 12 പത്രപ്രവര്‍ത്തകരാണ് കോടതിയിലെത്തിയത്. എന്നാല്‍ ജഡ്ജി കേസ് പരിഗണിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ പുറത്ത് പോകണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

മാധ്യമ പ്രവര്‍ത്തകര്‍ അഭിഭാഷകരുടെ ആവശ്യത്തോട് ആദ്യം വഴങ്ങിയില്ല. തുടര്‍ന്ന് ശിരസ്തദാര്‍ എത്തി മാധ്യമ പ്രവര്‍ത്തകരോട് പുറത്ത് പോവാന്‍ ആവശ്യപ്പെടുകയായിരുന്നു.

പ്രശ്‌നമുണ്ടാക്കരുതെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. കോടതിമുറിക്കുള്ളില്‍ കടന്ന് റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ഒരുകൂട്ടം അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

സ്ഥിതി വഷളാവുമെന്ന് കണ്ടാണ് മാധ്യമ പ്രവര്‍ത്തകരോട് പുറത്ത് പോവാന്‍ ആവശ്യപ്പെട്ടതെന്ന് ശിരസ്തദാര്‍ വ്യക്തമാക്കി. ഇതോടെ മാധ്യമ പ്രവര്‍ത്തകര്‍ കോടതിക്ക് വെളിയിലേക്ക് ഇറങ്ങുകയായിരുന്നു.

കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ഹൈക്കോടതിയും മറ്റുള്ളവരും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് വീണ്ടും മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞത്.

Top