Jisha case;police enquiry about amirul’s terrorist relations

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ തീവ്രവാദബന്ധവും പൊലീസ് പരിശോധിക്കുന്നു. അമീറിന് ഉള്‍ഫ, ബോഡോ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

അന്വേഷണത്തോടുള്ള നിസ്സഹകരണവും ക്രൂരതയുടെ വ്യാപ്തിയുമാണ് അസം തീവ്രവാദ സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടൊ എന്ന് പൊലീസ് സംശയിക്കാന്‍ കാരണം. 10ാം വയസ്സില്‍ നാടുവിട്ട ഇയാള്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് പെരുമ്പാവൂരിലെത്തിയത്. ഇതിനിടെ ഇയാള്‍ എവിടെയായിരുന്നുവെന്നത് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

ലൈംഗിക വൈകൃത സ്വഭാവക്കാരനായതിനാല്‍ പെട്ടന്നുണ്ടായ വികാരമാണ് കൊലപാതകത്തിലേക്ക് വഴി വച്ചതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ച ശേഷമായിരിക്കും തെളിവെടുപ്പുണ്ടാവുകയെന്നാണ് സൂചന. അതേസമയം, പൊലീസ് കസ്റ്റഡിയില്‍ തുടര്‍ച്ചയായി ഏഴാം ദിവസവും അമീറുളിനെ ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍, തുടര്‍ച്ചയായി അമീറുള്‍ മൊഴി മാറ്റുന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്.

അമീറുളിനെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യം അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. തുടര്‍ച്ചയായി മൊഴി മാറ്റുന്ന പശ്ചാത്തലത്തിലാണ് നുണപരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യം പരിഗണിക്കുന്നത്.

Top