Jisha case: Central government support CBI investigation in court

കൊച്ചി: കാല്‍ നൂറ്റാണ്ടോളം നീണ്ടു നിന്ന ശക്തമായ നിയമ പോരാട്ടത്തിനൊടുവില്‍ സിസറ്റര്‍ അഭയ കേസിലെ പ്രതികളെ തുറുങ്കിലടപ്പിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍…

കേന്ദ്രഭരണം കയ്യാളുന്ന ബിജെപിയുടെ സജീവമായ ഇടപെടല്‍…

ജിഷ കൊലക്കേസ് അന്വേഷിക്കുന്ന എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഇപ്പോള്‍ ‘പ്രതിരോധത്തിലാക്കുന്ന’ പ്രധാന ഘടകങ്ങളാണിത്.

ജിഷയെ കൊന്നുവെന്ന് അന്വേഷണ സംഘം പറയുന്ന അമിറുള്‍ ഇസ്ലാമിന്റെ കാര്യത്തില്‍ ജോമോന്‍ പുത്തന്‍പുരക്കലിനും ബിജെപിക്കും ജിഷയുടെ മാതാപിതാക്കള്‍ക്കുമെല്ലാം വലിയ അഭിപ്രായ വ്യത്യാസങ്ങളില്ലെങ്കിലും കൊല്ലിച്ചതാരാണ് എന്ന കാര്യത്തിലും കൊലപാതകത്തിന് പിന്നിലെ നിഗൂഢതയിലുമാണ് അഭിപ്രായവ്യത്യാസം. യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ടുവരാന്‍ ഏതറ്റം വരെയും പോകാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.

കെപിസിസി 15 ലക്ഷം രൂപ കൊടുത്തപ്പോള്‍ ‘നിറം മാറി’ യെന്ന് ഭാര്യയെ കുറ്റപ്പെടുത്തിയ ജിഷയുടെ പിതാവിന്റെ വഴിയെ തന്നെ ഇപ്പോള്‍ അമ്മ രാജേശ്വരിയും എത്തിയിട്ടുണ്ട്.

കൊലയാളിക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്നാണ് അവരുടെ പുതിയ പ്രതികരണം. തങ്ങളുടെ വീട്ടില്‍ ജോലിക്കായി അമിറുള്‍ വന്നിട്ടില്ലെന്നും മുന്‍പരിചയമില്ലെന്നും കൂടി അവര്‍ വ്യക്തമാക്കിയത് അന്വേഷണ സംഘത്തിനുള്ള മറുപടി കൂടിയാണ്.

കുളിക്കടവില്‍ ഉണ്ടായതായി പറയുന്ന സംഭവവും അമ്മ നിഷേധിച്ചിട്ടുണ്ട്. ജിഷ ഒറ്റക്കാണ് കുളിക്കാന്‍ പോവാറുള്ളത് എന്നാണ് ജിഷയുടെ കുടുംബത്തിന്റെ വാദം.

പ്രതി പറയുന്നതായി പൊലീസ് പറയുന്ന വാദങ്ങളുടെ മുനയൊടിക്കുന്നതാണ് ജിഷയുടെ കുടുംബത്തിന്റെ നിലപാട്.

മാത്രമല്ല ഇനി ജിഷയോടുള്ള അമിതമായ താല്‍പര്യം കൊണ്ടും ബലമായി കീഴ്‌പ്പെടുത്തണമെന്ന് ഉദ്ദേശിച്ചുമാണ് പ്രതി വീട്ടില്‍ കയറിയതെങ്കില്‍ ഒരു കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാല്‍ പോലും പേടിച്ച് വിറച്ച് വഴങ്ങുന്ന സാഹചര്യമുണ്ടാവുമായിരുന്നില്ലേയെന്നും പിന്നെ എന്തിനാണ് ഇത്രയും പൈശാചികമായി കൊലപ്പെടുത്തിയതെന്നുമുള്ള ചോദ്യമാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. ഈ ചോദ്യങ്ങള്‍ തന്നെയാണ് നിയമപോരാട്ടത്തിലും നിര്‍ണ്ണായകമാവുക.

അമിറുളിനെ കൊണ്ട് ജിഷയുടെ കുടുംബത്തോട് വിരോധമുള്ളവര്‍ ചെയ്യിച്ചതാണ് ഈ കൊലപാതകമെന്നാണ് പൊതുസമൂഹത്തിനിടയിലെയും ഇപ്പോഴത്തെ പ്രധാന ചര്‍ച്ച.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവിനെക്കൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിക്കാനും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനുമാണ് നീക്കം. ഈ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നായാലും അതല്ലെങ്കില്‍ സ്വന്തം നിലക്ക് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയായാലും ജോമോന്‍ പുത്തന്‍പുരക്കല്‍ സജീവമായി രംഗത്തുണ്ടാവുമെന്നാണ് സൂചന.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി വന്നാല്‍ അനുകൂലമായ തീരുമാനമായിരിക്കും സിബിഐയുടെ അഭിഭാഷകന്‍ സ്വീകരിക്കുക. ഇത് സംബന്ധമായ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്. ഇനി സര്‍ക്കാര്‍ തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയാലും കേന്ദ്രം അനുകൂലമായ നിലപാട് സ്വീകരിക്കും.

ജോമോന്‍ എഡിജിപി സന്ധ്യക്ക് മുന്നില്‍ നല്‍കിയ മൊഴിയില്‍ ആരോപണ വിധേയനായ യുഡിഎഫ് ഉന്നതനെയും മകനെയുമൊന്നും ഇതുവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടില്ല.

ജിഷയുടെ വീടിനടുത്തുള്ള അയല്‍വാസിയും പൊലീസ് നിരീക്ഷണത്തിലാണ്.

ജിഷയുടെ കുടുംബത്തെ ഇവിടെ നിന്ന് ഓടിക്കാന്‍ കൊടുത്ത ക്വട്ടേഷനാണോ ഇതെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

അതേസമയം പിടിയിലായ അമിറുളിന്റെ ബംഗാളി ഭാര്യ അവനെതിരെ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയുടെ രതിവൈകൃതത്തെക്കുറിച്ച് ചില സുപ്രധാന വിവരങ്ങള്‍ അവര്‍ നല്‍കിയതായാണ് സൂചന. അമറുളിനെ പിടികൂടുന്നതിനും ഇവരുടെ ചില സഹായങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നുവത്രെ.

എന്തായാലും അന്വേഷണ സംഘം എന്ത് നിഗമനത്തിലെത്തിയാലും സിബിഐ അന്വേഷണത്തിന് സാധ്യത കൂടുതലാണ് എന്നതിനാല്‍ ധൃതി പിടിച്ച് നിഗമനത്തിലെത്തിച്ചേരാനില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. പരമാവധി തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണവര്‍.

സിബിഐ അന്വേഷണമുണ്ടാവുകയും കേരള പൊലീസ് കണ്ടെത്തിയതിനപ്പുറം മറ്റ് കാര്യങ്ങള്‍ അവര്‍ കണ്ടെത്തുകയും ചെയ്താല്‍ അത് അന്വേഷണ സംഘത്തിന് മാത്രമല്ല കേരള പൊലീസിന് തന്നെ മാനക്കേടാവുമെന്നുറപ്പാണ്.

Top