Jisha case; BJP moved to CBI enquiry

കൊച്ചി: ജിഷ വധക്കേസില്‍ സി.പി.എമ്മും കോണ്‍ഗ്രസും ഒത്തുകളിക്കുന്നുവെന്നാരോപിച്ച് ജിഷയുടെ പിതാവ് പാപ്പുവിനെ രംഗത്തിറക്കി സി.ബി.ഐ അന്വേഷണത്തിന് ബി.ജെ.പി ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം എറണാകുളം പ്രസ് ക്ലബ്ബില്‍ പാപ്പുവിനെക്കൊണ്ട് പത്രസമ്മേളനം വിളിപ്പിച്ചതും പരാതി നല്‍കിച്ചതും.

അധികം വൈകാതെ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.

കേസില്‍ അസം സ്വദേശിയായ അമീറുല്‍ ഇസ്ലാം അറസ്റ്റിലായെങ്കിലും കേസില്‍ പങ്കുള്ള ഉന്നതരെ രക്ഷിക്കാന്‍ ഭരണകക്ഷിയായ സി.പി.എമ്മും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസും ഒത്തുകളിക്കുന്നെന്ന വാദം ബലപ്പെടുത്തുകയാണ് ബി.ജെ.പി ലക്ഷ്യം.

പാപ്പു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന വൈസ് പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ പി.എം. വേലായുധനെ ബി.ജെ.പി ചുമതലപ്പെടുത്തിയിരുന്നു. കൊലനടന്ന് 50 ദിവസത്തിനുശേഷം പ്രതിയായ അസം സ്വദേശിയെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്ന് അറസ്റ്റ് ചെയ്തത് നാടകമാണെന്നാണ് ബി.ജെ.പി ചൂണ്ടിക്കാട്ടുന്നത്.

പാപ്പുവിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബി.ജെ.പി നേതാവ് പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും ഇതുതന്നെയാണ് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായതെന്നും ആരോപിച്ചു.

കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെട്ട് യഥാര്‍ത്ഥ പ്രതിപക്ഷ പാര്‍ട്ടിയായി പ്രവര്‍ത്തിക്കണമെന്നാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന നേതൃത്വത്തിനു നല്‍കിയിട്ടുള്ളത്. ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു എം.എല്‍.എയെ നേടിയ ബി.ജെ.പി 2019 തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് അടുത്തതായി ലക്ഷ്യമിടുന്നത്.

Top