ജിയോയുടെ പുതിയ 4 ജി ഫീച്ചര്‍ ഫോണ്‍; ജിയോഭാരത് ബി1

പുതിയ ഫീച്ചര്‍ ഫോണുമായി ജിയോ. ഫീച്ചര്‍ ഫോണ്‍ സീരീസായ ജിയോഭാരതിന് കീഴില്‍ ജിയോഭാരത് ബി1 എന്ന പേരില്‍ ആണ് പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. വലിയ സ്‌ക്രീനുള്ള 4 ജി ഫോണാണിത്. ഏറ്റവും വില കുറഞ്ഞ ഫീച്ചര്‍ ഫോണുകളാണ് ജിയോഭാരത് സീരീസില്‍ ജിയോ പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്. ജൂലൈ മാസത്തില്‍ ജിയോഭാരത് സീരീസിന് കീഴില്‍ കമ്പനി ഇതിനകം രണ്ട് ഫോണുകള്‍ പുറത്തിറക്കിയിരുന്നു.

ജിയോ വെബ്‌സൈറ്റില്‍ ജിയോഭാരത് ബി1 4ജി ഫീച്ചര്‍ ഫോണ്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2.4 ഇഞ്ച് ഡിസ്പ്ലേ, ആല്‍ഫാന്യൂമറിക് കീപാഡ്, മള്‍ട്ടി-ലിംഗ്വല്‍ സപ്പോര്‍ട്ട്, 2000 എം.എ.എച്ച് ബാറ്ററി തുടങ്ഹിയ ഫീച്ചറുകള്‍ ഫോണിലുണ്ട്. മുന്‍ വേരിയന്റുകളെ അപേക്ഷിച്ച് സ്‌ക്രീനിലും ബാറ്ററി കപ്പാസിറ്റിയിലും നേരിയ നവീകരണം മാത്രമേ ജിയോഭാരത് ബി1 വാഗ്ദാനം ചെയ്യുന്നുള്ളൂ. ജിയോഭാരത് ബി1 4ജി എനേബിള്‍ഡ് ഫീച്ചര്‍ ഫോണിന് 1299 രൂപയാണ് വില. ഈ ഫോണ്‍ കറുപ്പ് കളറില്‍ മാത്രമാണ് ലഭ്യമാകുന്നത്. ആമസോണില്‍ ജിയോഭാരത് ബി1 ഫീച്ചര്‍ ഫോണ്‍ ഇതിനകം തന്നെ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്.

വെബ്സൈറ്റ് വിവരങ്ങള്‍ അനുസരിച്ച്, ജിയോയുടെ പ്രീഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ ഫോണിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിയോ ഭാരത് സീരീസ് 23 ഭാഷകളെ പിന്തുണയ്ക്കുന്നു എന്നാണ് ജിയോയുടെ അവകാശവാദം.

Top