വിപണിയിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല; ജിയോ നെക്സ്റ്റിന്റെ വില കുത്തനെ കുറച്ചു

റിലയൻസ് ജിയോയുടെ പുതിയ ഹാൻഡ്‌സെറ്റ് ജിയോഫോൺ നെക്സ്റ്റ് വിപണിയിൽ വേണ്ടത്ര തരംഗമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. 2021-ന്റെ അവസാനത്തിലാണ് ജിയോഫോൺ നെക്സ്റ്റ് പുറത്തിറക്കിയത്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്ന് കരുതിയ ഈ ഹാൻഡ്‌സെറ്റ് നിരവധി ഉപയോക്താക്കളെയാണ് നിരാശരാക്കിയത്. പ്രീപെയ്ഡ് ആനുകൂല്യങ്ങളോടൊപ്പം ജിയോ നൽകുന്ന ഇഎംഐ പ്ലാനുകൾ പ്രകാരം ഹാൻഡ്‌സെറ്റിന്റെ വില 14,000 രൂപ വരെ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ, ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ജിയോഫോൺ നെക്സ്റ്റ് വൻ വിലക്കുറവിൽ ലഭ്യമാണ്. കൂടാതെ, പ്രതിമാസം 216 രൂപ ഇഎംഇയിലും ഫോൺ വാങ്ങാം.

ജിയോഫോൺ നെക്സ്റ്റ് നിലവിൽ ആമസോൺ ഇന്ത്യയിൽ 4,599 രൂപയ്ക്ക് ലഭ്യമാണ്. സ്മാർട് ഫോൺ നേരത്തേ 6,499 രൂപയ്ക്കാണ് വിറ്റിരുന്നത്. എക്സ്ചേഞ്ച് ഓഫറിന് കീഴിൽ ഉപയോക്താക്കൾക്ക് ഹാൻഡ്‌സെറ്റ് 4,499 രൂപയ്ക്ക് മാത്രമേ ലഭിക്കൂ എന്നും ജിയോ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആമസോൺ ഇന്ത്യയിൽ ജിയോഫോൺ നെക്സ്റ്റ് ഡിസ്‌കൗണ്ടിൽ ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് പഴയ ഫോണുകൾ എക്‌സ്‌ചേഞ്ച് ചെയ്യേണ്ടതില്ല.

നിലവിലുള്ള 2ജി നെറ്റ്വർക്ക് ഉപയോക്താക്കളെ 4ജി സ്മാർട് ഫോണിലേക്ക് മാറ്റാനും 4ജി സേവനങ്ങൾ ഉപയോഗിക്കാനും പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിയോഫോൺ നെക്സ്റ്റ് റിലയൻസ് ജിയോ അവതരിപ്പിച്ചത്. ജിയോഫോൺ നെക്സ്റ്റ് കാരിയർ ലോക്ക് ചെയ്തിരിക്കുന്നു എന്നത് ഉപഭോക്താക്കളെ നിരാശരാക്കിയിട്ടുണ്ട്. ഈ ഫോണിലേക്ക് മറ്റൊരു കമ്പനിയുടെ സിം കാർഡ് ചേർക്കാൻ കഴിയില്ല എന്നതാണ് ഇതിനർഥം. ജിയോഫോൺ നെക്സ്റ്റ് ക്വാൽകോം സ്നാപ്ഡ്രാഗൺ 215 പ്രോസസർ ആണ് നൽകുന്നത്. കൂടാതെ 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്.

ഇന്ത്യൻ ഉപയോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രഗതി ഒഎസിലാണ് ഇത് പ്രവർത്തിക്കുന്നത്. 3500 എംഎഎച്ച് ആണ് ബാറ്ററി.

Top