ജിയോ പ്ലാറ്റ്ഫോംസില്‍ വീണ്ടും വിദേശ നിക്ഷേപം; ഇത്തവണ യുഎസിലെ എല്‍ കാറ്റര്‍ട്ടണ്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്ഫോംസില്‍ വീണ്ടും വിദേശ നിക്ഷേപം എത്തി. ഉപഭോക്തൃ ഉത്പന്ന മേഖലയില്‍ നിക്ഷേപം നടത്തുന്ന യുഎസിലെ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എല്‍ കാറ്റര്‍ട്ടണാണ് പുതിയതായി എത്തിയത്. ജോയിയില്‍ 1,894.50 കോടി രൂപയാണ് കമ്പനി നിക്ഷേപിക്കുക. ഏഴ് ആഴ്ചയ്ക്കിടെ ജിയോയില്‍ നിക്ഷേപവുമായെത്തുന്ന പത്താമത്തെ വിദേശ സ്ഥാപനമാണിത്.

0.39ശതമാനം ഉടമസ്ഥതാവകാശമായിരിക്കും ഇവര്‍ക്ക് ജിയോ പ്ലാറ്റ്ഫോംസില്‍ ലഭിക്കുക. ലോകത്തിലെതന്നെ 200 പ്രമുഖ ഉപഭ്ക്തൃ ഉത്പന്ന ബ്രാന്‍ഡുകളില്‍ എല്‍ കാറ്റര്‍ട്ടണ്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

യുഎസിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥപനമായ ടിപിജി 4,546.80 കോടി നിക്ഷേപിച്ച് രണ്ടുമണിക്കൂറുകള്‍ക്കുള്ളിലാണ് കാറ്റര്‍ട്ടണുമെത്തിയത്. ഇതോടെ ജിയോയിലെത്തിയ മൊത്തം നിക്ഷേപം 104,326.65 കോടി രൂപയായി ഉയര്‍ന്നു. 22.38ശതമാനം ഓഹരികളാകും ഭാവിയില്‍ ഈ കമ്പനികള്‍ക്കൊട്ടാകെ ലഭിക്കുക.

കാറ്റര്‍ട്ടണ്‍ കൂടിയെത്തിയതോടെ ജിയോയുടെ മൂല്യം 4.91 ലക്ഷംകോടി രൂപയായി ഉയര്‍ന്നു. ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള കമ്പനികള്‍ ഇപ്പോള്‍ ജിയോയില്‍ പങ്കാളികളാണ്.

ഫേസ്ബുക്കാണ് ജിയോയില്‍ ആദ്യമായി നിക്ഷേപം നടത്തിയത്. പിന്നാലെ വിസ്റ്റ ഇക്വിറ്റി,സില്‍വര്‍ ലേയ്ക്ക്, കെ.കെ.ആര്‍, ജനറല്‍ അറ്റ്‌ലാന്റിക്, മുബാദല തുടങ്ങിയ കമ്പനികളാണ് ഇതിന് മുമ്പ് ജിയോയില്‍ നിക്ഷേപം നടത്തിയത്.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലെയ്ക്ക് രണ്ട് തവണ ജിയോ പ്ലാറ്റ്ഫോംസില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. നേരത്തെ 5,655.75 കോടി രൂപയാണ് നിക്ഷേപിച്ചിരുന്നത്. കഴിഞ്ഞ ദിവസം 4,546.8 കോടി രൂപകൂടി നിക്ഷേപിച്ചിരുന്നു.

Top