ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ ബിഎസ്എന്‍എല്ലിനെ പിന്നിലാക്കി ജിയോ ഒന്നാം സ്ഥാനത്ത്

രണ്ട് പതിറ്റാണ്ട് കാലം ടെലികോം രംഗത്ത് ഇന്ത്യയുടെ അഭിമാനമായ ബിഎസ്എന്‍എല്‍ നിലനിര്‍ത്തിവന്ന ഒന്നാം സ്ഥാനം ഇനി ജിയോക്ക് സ്വന്തം. ഫിക്‌സഡ് ലാന്റ്‌ലൈന്‍ ബ്രോഡ്ബാന്റ് സെഗ്മെന്റിലെ ബിഎസ്എന്‍എലിന്റെ ഒന്നാം സ്ഥാനമാണ് 2019 ല്‍ സേവനം തുടങ്ങിയ ജിയോ ഫൈബര്‍ പിടിച്ചെടുത്തത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രസിദ്ധീകരിച്ച പ്രതിമാസ ടെലികോം വരിക്കാരുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ജിയോയാണ് ഇപ്പോള്‍ ഒന്നാമത്.

റിലയന്‍സ് ജിയോയുടെ ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 2021 ഒക്ടോബറില്‍ 41.6 ലക്ഷമായിരുന്നു. ഇത് 2021 നവംബറില്‍ 43.4 ലക്ഷമായി ഉയര്‍ന്നു. എസ്എന്‍എല്ലിന്റെ കണക്ഷനുകളുടെ എണ്ണം 2021 ഒക്ടോബറില്‍ 47.2 ലക്ഷമായിരുന്നത് നവംബറില്‍ 42 ലക്ഷമായി കുറഞ്ഞു.

ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനമായ ജിയോ ഫൈബറിന്റെ പ്രവര്‍ത്തനം ജിയോ ആരംഭിച്ചത് 2019 സെപ്തംബറിലാണ്. അന്ന് ഈ സെഗ്മെന്റില്‍ 86.9 ലക്ഷമായിരുന്നു ബിഎസ്എന്‍എല്ലിന്റെ ഉപഭോക്തൃ അടിത്തറ. ഇത് 2021 നവംബറായപ്പോഴേക്കും പകുതിയായി കുറഞ്ഞെന്ന് ട്രായ് പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. ജിയോയ്ക്ക് മുന്‍പേ ഈ സെഗ്മെന്റില്‍ രംഗത്തുണ്ടായിരുന്ന ഭാരതി എയര്‍ടെല്‍ ബിഎസ്എന്‍എല്ലിന് തൊട്ടുപിന്നിലാണിപ്പോള്‍. അവരുടെ ഉപഭോക്താക്കളുടെ എണ്ണം 40.8 ലക്ഷമാണ്.

ജിയോ രംഗത്തെത്തിയ 2019 സെപ്തംബറില്‍ ഭാരതി എയര്‍ടെല്ലിന്റെ വയര്‍ഡ് ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം 24.1 ലക്ഷമായിരുന്നു. 2021 നവംബറായപ്പോഴേക്കും എണ്ണം 70 ശതമാനം വര്‍ധിച്ചു. ഈ കണക്ക് നോക്കുമ്പോള്‍ ബിഎസ്എന്‍എല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാന്‍ ഇനി അധികകാലം വേണ്ടിവരില്ലെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ ഒക്ടോബറില്‍ 798.95 ദശലക്ഷമായിരുന്നത് നവംബറില്‍ 801.6 ദശലക്ഷമായി വളര്‍ന്നു.

നവംബര്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം മൊത്തം ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ 98.68 ശതമാനം വിപണി വിഹിതവും ഈ സെഗ്മെന്റിലെ അഞ്ച് കമ്പനികള്‍ക്കാണ്. ജിയോയുടെ ആകെ ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം 432.96 ദശലക്ഷമാണ്. 210.10 ദശലക്ഷം ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുമായി ഭാരതി എയര്‍ടെല്‍ രണ്ടാമതും വോഡഫോണ്‍ ഇന്ത്യ 122.40 ദശലക്ഷം വരിക്കാരുമായി മൂന്നാം സ്ഥാനത്തുമാണ് ബിഎസ്എന്‍എല്‍ 23.62 ദശലക്ഷം വരിക്കാരുമായി നാലാമതാണ്.

Top