ലോക്ഡൗണ്‍; വന്‍ ഓഫറുമായി ജിയോ, ഏപ്രില്‍ 17 വരെ 100 മിനിറ്റ് സൗജന്യ കോളിങ്

മുംബൈ: ലോക്ഡൗണ്‍ സമയത്ത് ഉപയോക്താക്കള്‍ക്ക് സൗജന്യ കോളിങ്ങും എസ്എംഎസും നല്‍കി റിലയന്‍ ജിയോ. ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത കോളിങ് സര്‍വ്വീസ് നല്‍കുന്നതിനായി 2020 ഏപ്രില്‍ 17 വരെ 100 മിനിറ്റ് സൗജന്യ കോളിംഗും എസ്എംഎസും നല്‍കും. വാലിഡിറ്റി തീര്‍ന്നുപോയാലും വരിക്കാര്‍ക്ക് ഇന്‍കമിംഗ് കോളുകള്‍ തുടര്‍ന്നും ലഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

100 മിനിറ്റ് സൗജന്യ കോളിങ്, സൗജന്യ എസ്എംഎസ് സൗകര്യം ഇന്ത്യയിലെവിടെ നിന്നും എല്ലാ ജിയോ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും.10x ബെനിഫിറ്റ് പ്ലാന്‍ എന്ന നിലയിലാണ് ഈ പ്രഖ്യാപനം.

നേരത്തെ, ജിയോ നിരവധി ബാങ്കുകളുമായി സഹകരിച്ച് എടിഎം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ് സൗകര്യം ഒരുക്കിയിരുന്നു.ഫോണ്‍ വാലറ്റുകള്‍, യുപിഐ, നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് മുന്‍പ് ഫോണുകള്‍ റീചാര്‍ജ് ചെയ്യാനുള്ള ഓപ്ഷനുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇതിന് പുറമെയാണ് ജിയോ വരിക്കാര്‍ക്ക് മറ്റൊരു ഓപ്ഷന്‍ കൂടി നല്‍കിയിരിക്കുന്നത്.

ജിയോയ്ക്കു പുറമേ എയര്‍ടെല്‍, ബിഎസ്എന്‍എല്‍ എന്നിവയും ഉപയോക്താക്കള്‍ക്ക് ഏപ്രില്‍ 17 വരെ സൗജന്യ പ്ലാനുകള്‍ നല്‍കിയിട്ടുണ്ട്.80 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി ഏപ്രില്‍ 17 വരെ നീട്ടിയതായി എയര്‍ടെല്‍ അറിയിച്ചു. പ്രീപെയ്ഡ് അക്കൗണ്ടുകളില്‍ പത്ത് രൂപ ക്രെഡിറ്റ് ചെയ്യുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

ഏപ്രില്‍ 20 വരെ ബിഎസ്എന്‍എല്‍ സിമ്മുകളൊന്നും നിര്‍ത്തലാക്കില്ലെന്ന് ഇലക്ട്രോണിക്‌സ്, ഐടി, കമ്മ്യൂണിക്കേഷന്‍സ്, ലോ & ജസ്റ്റിസ് മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.അധിക ആനുകൂല്യമായി പാവപ്പെട്ടവരുടെയും ദരിദ്രരുടെയും അക്കൗണ്ടുകളില്‍ 10 രൂപ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന പ്രീപെയ്ഡ് പാക്കുകളുടെ വാലിഡിറ്റി വര്‍ദ്ധിപ്പിക്കുമെന്ന് വോഡഫോണും പ്രഖ്യാപിച്ചിരുന്നു. ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് 10 രൂപ കമ്പനി ക്രെഡിറ്റ് ചെയ്തിട്ടുണ്ട്.

Top