‘വീണ്ടും പഴയ പരിപാടി തുടങ്ങിയിട്ടുണ്ട്’; വാവ സുരേഷിനെതിരെ വിമര്‍ശനം

പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടതിനു ശേഷവും പാമ്പു പിടിത്തം തുടങ്ങിയിരുന്നു. എന്നാല്‍ മുന്‍പ് ചെയ്തിരുന്നതിന് സമാനമായി സുരക്ഷിതമല്ലാത്ത രീതിയില്‍ തന്നെയാണ് ഇപ്പോഴും വാവാ സുരേഷ് പാമ്പു പിടിത്തം തുടരുന്നുവെന്നാണ് ആരോപണം. ആരോഗ്യ രംഗത്ത് ശ്രദ്ധയമായ ഇടപെടല്‍ നടത്തുന്ന ഇന്‍ഫോ ക്ലിനിക്ക് അഡ്മിന്‍ കൂടിയായ ജിനേഷ് പിഎസ് വിഷയത്തില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിട്ടുണ്ട്. സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്. സംഗതി പഴയ പരിപാടി തന്നെ. ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം. ഇമ്മാതിരി ഷോ കാണിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും പാമ്പിന്റെ കടിയേല്‍ക്കാമെന്നും ജിനേഷ് കുറിക്കുന്നു.

ജിനേഷ് പിഎസിന്റെ കുറിപ്പ്

സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്. സംഗതി പഴയ പരിപാടി തന്നെ. ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം. ഇമ്മാതിരി ഷോ കാണിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും പാമ്പിന്റെ കടിയേല്‍ക്കാം എന്ന് ആ വീഡിയോ കാണുന്ന ആര്‍ക്കും മനസ്സിലാവും. സുരേഷിനോട് ഇനി ഒന്നും പറയാനില്ല, കാരണം എത്ര പറഞ്ഞിട്ടും കാര്യമില്ല. ചിലര്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ട് പഠിക്കും. ചിലര്‍ ഒരു തവണത്തെ അനുഭവംകൊണ്ടു പഠിക്കും. ചിലര്‍ രണ്ടോ മൂന്നോ തവണ ദുരനുഭവം ഉണ്ടാകുമ്പോള്‍ പഠിക്കും. ചിലര്‍ എത്ര അനുഭവം ഉണ്ടായാലും പഠിക്കില്ല. അത്തരക്കാരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

പക്ഷേ ഓരോ തവണയും കടിയേറ്റ് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സംവിധാനങ്ങള്‍ ഇവിടെയുള്ളതിനാല്‍ ജീവന്‍ രക്ഷപ്പെടുന്നുണ്ട്. ഇതും പുള്ളിയോട് പറയുന്നതല്ല. അങ്ങനെയുള്ള അവസരങ്ങളില്‍ ഒക്കെ ഓടിയെത്തുന്ന മന്ത്രിമാരും മറ്റ് പ്രധാന ഉദ്യോഗസ്ഥരും അറിയാന്‍ വേണ്ടി മാത്രം ഇവിടെ പറയുന്നതാണ്. ഇത്തരം കോപ്രായം കാണിക്കുന്നതും നിങ്ങള്‍ അറിയേണ്ടതുണ്ട്. ആശുപത്രി കിടക്കയില്‍ വച്ച് സുരക്ഷിതമായ രീതിയില്‍ മാത്രമേ പാമ്പുകളെ റെസ്‌ക്യൂ ചെയ്യൂ എന്ന് സുരേഷ് പറഞ്ഞത് കേരളത്തിലെ ഒരു മന്ത്രിയോടാണ്, മന്ത്രി വി എന്‍ വാസവനോട്. അദ്ദേഹം മാത്രമല്ല, പല ജനപ്രതിനിധികളും ഉന്നത സ്ഥാനീയരും ആശുപത്രിയില്‍ വന്ന് സുരേഷിനെ സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ കാണിക്കുന്ന ഷോ അത്തരക്കാര്‍ കൂടി അറിയേണ്ടതുണ്ട്. നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍, സുരേഷ് എന്ന വ്യക്തിയുടെ ജീവന് വിലയുണ്ട് എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, അദ്ദേഹത്തെ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് പിന്തിരിപ്പിക്കണം.

ഇത്ര അപകടകരമായ ഷോ കാണിക്കുമ്പോള്‍ പോലും ചുറ്റും കൂടി നിന്ന് കയ്യടിച്ച ഫാനരന്മാരാണ് സുരേഷിനെ ഈ അവസ്ഥയില്‍ എത്തിച്ചത്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളും മറ്റും അങ്ങനെ കയ്യടിച്ചു കൂടാ, അല്ലെങ്കില്‍ അവഗണിച്ചുകൂടാ. ഇനിയുമൊരു പാമ്പുകടിയേറ്റ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ജീവന്‍ രക്ഷപ്പെടണം എന്ന് മാത്രമേ പറയാനാവൂ, ആഗ്രഹിക്കാവൂ. അതുകൊണ്ടാണ് ഇപ്പോള്‍ പറയുന്നത്. മനുഷ്യ ജീവന് വില കല്‍പ്പിക്കുന്നു എങ്കില്‍ ഇത്തരം ഷോകള്‍ അവസാനിപ്പിക്കാനായി ഇടപെടണം.

Top