ഞാന്‍ മുണ്ടുടുത്തതല്ല വിഷയം; സനല്‍കുമാര്‍ ശശിധരന്റെ ‘ചോല’യാണ് വിഷയമാക്കേണ്ടത്

വെനീസ് ചലച്ചിത്ര മേളയില്‍ മുണ്ടുടുത്തു പ്രത്യക്ഷപ്പെട്ട ജോജു ജോര്‍ജിന്റെ ചിത്രങ്ങളും വീഡിയോയും നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇപ്പോഴിതാ ഞാന്‍ മുണ്ടുടുത്ത വിഷയത്തെക്കാള്‍ സംസാരിക്കേണ്ടത് സനല്‍കുമാര്‍ ശശിധരന്റെ ചോല എന്ന സിനിമയെക്കുറിച്ചാണെന്ന് പറയുകയാണ് മലയാളികളുടെ പ്രിയ നടന്‍. ‘സിനിമ മുന്‍പന്തിയില്‍ നില്‍ക്കട്ടെ. ഞാന്‍ ധരിച്ച വേഷമൊന്നും വലിയ കാര്യമില്ല,’ ജോജു പറയുന്നു.

‘ഏകദേശം 1500 പേര്‍ക്ക് ഇരിക്കാവുന്ന വലിയ തിയറ്ററിലാണ് വെനീസ് ചലച്ചിത്രമേളയില്‍ ചോല പ്രദര്‍ശിപ്പിച്ചത്. പ്രേക്ഷകരില്‍ ഒരു മലയാളി മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ത്യയില്‍ നിന്നും മുന്നോ നാലോ പേര്‍ മാത്രം. ത്രില്ലര്‍ സ്വഭാവം ഉള്ള ചിത്രമായതിനാല്‍ സിനിമയ്ക്കിടയില്‍ ആളുകള്‍ എഴുന്നേറ്റു പോയില്ല. പ്രേക്ഷകരും ജൂറിയും നിറഞ്ഞ കയ്യടികളോടെ സിനിമ സ്വീകരിച്ചു. ഓരോ മലയാളിക്കും അഭിമാനിക്കാന്‍ പറ്റുന്ന ഒരു സിനിമയായി ചോല മാറി. അതു ഞങ്ങള്‍ നിര്‍മിച്ചതുകൊണ്ടോ, ഞാന്‍ അഭിനയിച്ചതുകൊണ്ടോ അല്ല. മലയാളസിനിമയെ അതു പ്രതിനിധീകരിക്കുന്നു എന്നതാണ് കാര്യമെന്നും ജോജു പറഞ്ഞു.

ഹോളിവുഡ് സംവിധായകര്‍ക്കു ലഭിച്ചിട്ടുള്ള ടൈഗര്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്‍. വലിയൊരു പുരസ്‌കാരമാണത്. അതു ലഭിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. വിദേശ സംവിധായകര്‍ സനല്‍കുമാറിനോടു പ്രകടിപ്പിക്കുന്ന ആദരം കാണുമ്പോള്‍ ഞെട്ടിപ്പോകുന്നെന്നും ജോജു പറഞ്ഞു.

Top