Jiji Thomson removed as Industries Development Corporation

തിരുവനന്തപുരം: കെഎസ്‌ഐഡിസി ചെയര്‍മാനായി വിദേശത്തേക്ക് പറന്ന മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കേരളത്തില്‍ കാല് കുത്തുന്നത് സ്ഥാനഭ്രഷ്ടനായി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായിരുന്ന ജിജി തോംസണ്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് സ്ഥാനവും കെഎസ്‌ഐഡിസി ചെയര്‍മാന്‍ സ്ഥാനവും നല്‍കിയാണ് ഉമ്മന്‍ ചാണ്ടി സംരക്ഷിച്ചിരുന്നത്.

പാമോയില്‍ കേസില്‍ വിജിലന്‍സ് കോടതിയില്‍ വിചാരണ നേരിടുന്ന ജിജി തോംസണെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിയമിക്കരുതെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് മുഖവിലക്കെടുക്കാതെ ആയിരുന്നു നിയമനം.

ഭരണം മാറിയ ഉടനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് സ്ഥാനം ജിജി തോംസണ്‍ രാജി വെച്ചിരുന്നെങ്കിലും കെഎസ്‌ഐഡിസി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞിരുന്നില്ല.

ഇപ്പോള്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി 65 ദിവസമായിട്ടും കെഎസ്‌ഐഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ജിജി തോംസണെ മാറ്റാതിരിക്കുന്നതില്‍ ഇടത് മുന്നണിയിലും അസ്വാരസ്യങ്ങള്‍ക്ക് കാരണമായതോടെയാണ് മന്ത്രി ഇടപെട്ട് തെറിപ്പിച്ചത്.

ഇടത് നേതാക്കളുമായി സൗഹൃദം സ്ഥാപിച്ച് തസ്തികയില്‍ കടിച്ച് തൂങ്ങാനുള്ള മുന്‍ ചീഫ് സെക്രട്ടറിയുടെ നീക്കമാണ് ഇതോടെ പൊളിഞ്ഞത്.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി ദ്രോഹിക്കാന്‍ പ്രത്യേക താല്‍പ്പര്യമെടുത്ത ജിജി തോംസണ്‍ ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തിലെടുത്ത പല നടപടികളിലും വിജിലന്‍സ് ത്വരിത പരിശോധന നടത്തി വരുന്നതിനാല്‍ അദ്ദേഹത്തിന് വരും നാളുകള്‍ അഗ്നിപരീക്ഷണത്തിന്റേതായിരിക്കും.

കൊടിയും ബീക്കണ്‍ ലൈറ്റുമൊന്നുമില്ലാത്ത സാധാരണ വാഹനത്തില്‍ ഇനി ജിജി തോംസണ് എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാം.

Top