ആശയപരമായ പരിചരണമാണ് ജിഹാദികള്‍ക്കു വേണ്ടത്‌; റീഹാബിലിറ്റേഷന്‍ കേന്ദ്രം ഒരുക്കി സൗദി

terrorism

റിയാദ്: തീവ്ര ആശയങ്ങളില്‍ ആകൃഷ്ടരായ ജിഹാദികളെ നേരിടാന്‍ വ്യത്യസ്തമായ രീതിയുമായി സൗദി അറേബ്യ.

ഡ്രോണ്‍ ആക്രമണങ്ങളിലൂടെയും മിന്നല്‍ പോരാട്ടങ്ങളിലൂടെയും ലോകം തീവ്രവാദികളെ നേരിടുമ്പോള്‍ ഇവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ റീഹാബിലിറ്റേഷന്‍ കേന്ദ്രം ഒരുക്കുകയാണ് സൗദി സര്‍ക്കാര്‍.

ചോരമണക്കുന്ന പോരാട്ടങ്ങളിലൂടെ മാത്രം തീവ്രവാദികളെ നേരിട്ട് ശീലമുള്ള വ്യവസ്ഥകളെല്ലാം മറികടന്നുകൊണ്ടാണ് സൗദി അറേബ്യ ഇത്തരമൊരു കേന്ദ്രം ഒരുക്കിയിരിക്കുന്നത്. റിയാദിലാണ് മുഹമ്മദ് ബിന്‍ നായിഫ് കൗണ്‍സിലിങ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്.

സമ്മര്‍ദ്ദങ്ങളിലൂടെയും ബലപ്രയോഗങ്ങളിലൂടെയുമല്ല ആശയപരമായ പരിചരണമാണ് അവര്‍ക്കു വേണ്ടത് എന്നാണ് റീഹാബിലിറ്റേഷന്‍ കേന്ദ്രം സ്ഥാപിക്കപ്പെടുന്നതിലൂടെ സൗദി വ്യക്തമാക്കുന്നത്.

സമൂഹത്തിലേക്ക് നല്ലമനുഷ്യരായി തിരിച്ചെത്താനുള്ള അവസരമാണ് ജിഹാദി ഭീകരര്‍ക്കായി കേന്ദ്രം ഒരുക്കുന്നത്.

ഇസ്ലാമില്‍ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള ഇവരുടെ ചിന്തകളും തെറ്റിദ്ധാരണകളും തിരുത്തുക എന്നതാണ് ലക്ഷ്യമെന്ന് കേന്ദ്രത്തിന്റെ ഡയറക്ടര്‍ അബു മഖയെദ് പറഞ്ഞു.

2004ല്‍ സ്ഥാപിതമായ ഈ കേന്ദ്രം തീവ്രവാദത്തെ തുടച്ചു നീക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. 3300ഓളം തീവ്രവാദികളെ മനുഷ്യ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ സാധിച്ചിട്ടുണ്ടെന്ന് കേന്ദ്രം അവകാശപ്പെടുന്നു.

വെട്ടിയൊതുക്കിയ പുല്‍ത്തകിടി. വലിയ സ്‌ക്രീനിലുള്ള ടിവികള്‍, രാജകീയമായ കിടക്കയും സ്വിമ്മിങ് പൂളും നടുമുറ്റവുമെല്ലാമുള്ള കേന്ദ്രം പ്രഥമ കാഴ്ച്ചയില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലാണെന്നേ തോന്നിപ്പിക്കൂ.

അല്‍ഖ്വയ്ദ താലിബാന്‍ പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചവര്‍ അങ്ങിങ്ങായി നടക്കുന്നത് ഇവിടെച്ചെന്നാല്‍ കാണാം.

Top