പ്രധാനമന്ത്രി ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ജിഗ്‌നേഷ് മേവാനി

jignesh mevani

മുംബൈ: അംബേദ്ക്കറിന്റെ അനുയായിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി. മഹാരാഷ്ട്രയില്‍ ദളിതര്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്നും, തന്റെ വാക്കുകള്‍ സംഘര്‍ഷത്തിന് ആക്കം കൂട്ടിയിട്ടില്ലെന്നും, മിതത്തോടെയാണ് അഭിപ്രായം വ്യക്തമാക്കിയതെന്നും ജിഗ്നേഷ് മേവാനി വ്യക്തമാക്കി.

ആര്‍ എസ് എസും ബിജെപിയും തന്നെ വേട്ടയാടുകയാണെന്നും, 2019ല്‍ മോദിയെയും ബിജെപിയെയും ഒരു പാഠം പഠിപ്പിക്കുമെന്നും, ദളിത് സംഘനകള്‍ ഈമാസം 9നു പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.

കഴിഞ്ഞദിവസം, മഹാരാഷ്ട്രയുടെ വിവിധയിടങ്ങളില്‍ നടന്ന ദളിത്മറാത്ത സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി, ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരെ പൂനെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഡിസംബര്‍ 31ന് പൂനെയിലെ ശനിവാര്‍വാദയില്‍ നടത്തിയ പ്രസംഗമാണ് കേസിലേക്ക് നയിച്ചത്. പ്രകോപനപരമായ പ്രസംഗത്തിലൂടെ വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അക്ഷയ് ബിക്കാഡ് (22), അനന്ദ് ധോണ്ട് (25) എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. ജിഗ്‌നേഷ് മേവാനിയും, ഉമര്‍ ഖാലിദും പ്രസംഗത്തിലൂടെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പ്രസംഗം വിശദമായി പരിശോധിച്ചെന്നും ബുധനാഴ്ച രാത്രിയോടെ ഇരുവര്‍ക്കുമെതിരെ കേസ് എടുക്കുകയായിരുന്നുമെന്നും സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അപ്പാസാഹെബ് ഷെവാലെ പറഞ്ഞു.

ജാതി സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഹിന്ദു ഏക്ത അഘാഡി നേതാവ് മിലിന്‍ എക്‌ബോതെ, ശിവ് പ്രതിസ്ഥാന്‍ സംഘടനയുടെ നേതാവ് സംഭാജി ഭിഡെ എന്നിവര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top