Jignesh Mevani released from police custody

jignesh mevani

അഹമ്മദാബാദ്: ഗുജറാത്ത് ദളിത് സമരനായകന്‍ ജിഗ്‌നേഷ് മേവാനി ഗുജറാത്തില്‍ പൊലീസ് തടവില്‍ നിന്നും വിട്ടയച്ചു. ഇന്ന് പുലര്‍ച്ചെയാണ് വിട്ടയച്ചത്.

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷ പരിപാടിയെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് ഭാഷ്യം. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ആണ് ജിഗ്‌നേഷ് മേവാനിയെ ചോദ്യം ചെയ്തത്.

ഡല്‍ഹിയില്‍ നടന്ന ദളിത് സ്വാഭിമാന റാലിക്ക് ശേഷം കഴിഞ്ഞ ദിവസം രാത്രി ഗുജറാത്തിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു പൊലീസ് ജിഗ്നേഷിനെ കസ്റ്റഡിലെടുത്തത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത അദ്ദേഹത്തെ പൊലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

66-ാം പിറന്നാള്‍ ആഘോഷിക്കാനായി പ്രധാനമന്ത്രി നാട്ടിലെത്തുന്നതിന് ഒരു മണിക്കൂര്‍ മുന്‍പാണ് മേവാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മോദിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ പ്രതിഷേധ പ്രകടനം നടത്തുമെന്ന് ജിഗ്‌നേഷ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മോദിയുടെ പിറന്നാള്‍ ആഘോഷം അലങ്കോലമാവാതിരിക്കാനായി മറ്റു പട്ടേല്‍ നേതാക്കളെ വീട്ടുതടങ്കലിലാക്കിയതായും വിവരങ്ങളുണ്ടായിരുന്നു.

സംസ്ഥാനത്തെ ഓരോ ദളിത് കുടുംബത്തിനും അഞ്ച് ഏക്കര്‍ ഭൂമി വീതം നല്‍കണമെന്നും ഇല്ലെങ്കില്‍ ഒക്‌ടോബര്‍ ഒന്ന് മുതല്‍ ട്രെയിന്‍ തടയുമെന്നും സ്വാഭിമാന റാലിക്കിടെ മേവാനി പ്രഖ്യാപിച്ചിരുന്നു

Top