മുസ്ലിം ലീഗ് പയറ്റിയ കുതന്ത്രം ജിഫ്രി തങ്ങള്‍ പൊളിച്ചെന്ന് കെ ടി ജലീല്‍

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പിഎസ്സി വഴിയാക്കിയതിനെതിരെ പള്ളികളില്‍ ബോധവത്കരണം ഉയര്‍ത്തണമെന്ന തീരുമാനമെടുപ്പിച്ച് മുസ്ലിം ലീഗ് പയറ്റിയ കുതന്ത്രം സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍ ഒരു പ്രസ്താവനയിലൂടെ പൊളിച്ചുവെന്ന് കെ ടി ജലീല്‍ എംഎല്‍എ. പള്ളികള്‍ വാക്കേറ്റത്തിന്റെയും കയ്യേറ്റത്തിന്റെയും കേന്ദ്രങ്ങളാകുന്നതില്‍ നിന്ന് അദ്ദേഹമടക്കമുള്ള നേതാക്കള്‍ തടഞ്ഞുവെന്നും സമസ്തയിലെ ലീഗണികളായ രണ്ടാംനിര നേതാക്കള്‍ വഴി മുതിര്‍ന്ന നേതാക്കളെ ലീഗ് തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംഘടനകളിലെ ലീഗുകാരെ ചേര്‍ത്ത് ലീഗ് പടച്ചുണ്ടാക്കിയ കോഡിനേഷന്‍ കമ്മിറ്റി പിരിച്ചുവിടണമെന്നും ജലീല്‍ പറഞ്ഞു. വഖഫ് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും വഖഫ് മന്ത്രി വി അബ്ദുറഹ്‌മാന് ഒരു ശാഠ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പള്ളികളിലെ കാര്യമല്ല പള്ളിക്കൂടങ്ങളിലെ കാര്യമാണ് രാഷ്ട്രീയ പാര്‍ട്ടിയായ ലീഗ് പറയേണ്ടതെന്നും കെടി ജലീല്‍ പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അത് തിരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അവ്യക്തതയും തെറ്റിധാരണയും നീക്കുമെന്നും വഖഫ് ഭൂമി സര്‍വേ ചെയ്യാനുള്ള തീരുമാനം താന്‍ മന്ത്രിയായിരുന്നപ്പോള്‍ എടുത്തിരുന്നു. 75 ശതമാനം സര്‍വേയും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്നിരുന്നു. ഇപ്പോള്‍ നടത്താനുള്ളത് 25 ശതമാനം മാത്രമാണ്. ഇക്കാര്യത്തില്‍ ലീഗിന്റെ പല നേതാക്കള്‍ക്കും ആശങ്കയുണ്ടാകുമെന്നും കെടി ജലീല്‍ പറഞ്ഞു.

Top