ആഫ്രിക്കയില്‍ കുടുങ്ങിയ ‘ജിബൂട്ടി’ സിനിമയുടെ 71 അംഗ സംഘം ഇന്ന് നാട്ടിലേക്ക്

കോവിഡും ലോക്ക്ഡൗണും കാരണം ആഫ്രിക്കയില്‍ കുടുങ്ങിയ ജിബൂട്ടി എന്ന സിനിമയുടെ 71 അംഗ സംഘം ഇന്ന് നാട്ടിലെത്തും. വൈകിട്ട് 6 മണിയുടെ എയര്‍ ഇന്ത്യ വിമാനത്തില്‍ കൊച്ചി നെടുമ്പാശ്ശേരിയിലാണ് സംഘം ഇറങ്ങുക. നടന്‍ ദിലീഷ് പോത്തനടക്കം സംഘത്തിലുണ്ട്. നിര്‍മാതാവ് പ്രത്യേകമായി ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് ഇവര്‍ എത്തുക.

ഏപ്രില്‍ 18നു ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയെങ്കിലും ലോക്ഡൗണ്‍ മൂലം കേരളത്തിലേക്കുള്ള യാത്ര നീളുകയായിരുന്നു. ജിബൂട്ടി ഗവണ്‍മെന്റും ചിത്രത്തിന്റെ നിര്‍മാതാവായ ജോബി .പി സാമും ഇന്ത്യന്‍ എംബസ്സിയും ചേര്‍ന്ന് നടത്തിയ ശക്തമായ ഇടപെടലിലൂടെയാണ് യാത്ര സാധ്യമായത്. ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്‌കാരിക മേഖലയില്‍ കൈകോര്‍ക്കുന്ന ചിത്രം കൂടിയാണിത്.

പത്ത് വര്‍ഷമായി ജിബൂട്ടിയില്‍ വ്യവസായിയായ ജോബി.പി സാമും ഭാര്യ മരിയ സ്വീറ്റി ജോബിയും ചേര്‍ന്ന് നീല്‍ ബ്ലൂ ഹില്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നടന്നത് ജിബൂട്ടിയില്‍ തന്നെയാണ്. ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയുടെ സംവിധായകന്‍ എസ് ജെ സിനുവിന്റെ ആദ്യ ചിത്രം കൂടിയാണ് ഇത്.

നായകനായി വേഷമിടുന്നത് നടന്‍ അമിത് ചക്കാലക്കലും നായികയായി ഷിംല സ്വദേശിനി ശകുന്‍ ജസ്വാളുമാണ്. ഇവരെ കൂടാതെ ദിലീഷ് പോത്തന്‍, ഗ്രിഗറി ,അഞ്ജലി നായര്‍ ,ആതിര രോഹിത് മഗ്ഗു, ഒന്നര വയസുള്ള ജോര്‍ജും കുടുംബവും ,ഫൈറ്റ് മാസ്റ്റര്‍ റണ്‍ രവിയും സംഘവും ,ചെന്നൈയില്‍ നിന്നുള്ള പ്രത്യേക സംഘവും ഈ 71 പേരുടെ കൂടെയുണ്ട്.

അതേസമയം, നിര്‍മാതാവും നായികയും ,രോഹിതും ബോംബയില്‍ ആണ് ഇറങ്ങുക. ബാക്കി എല്ലാവരും ഗവണ്‍മെന്റിന്റെ നിര്‍ദേശ പ്രകാരം ക്വാറന്റീനില്‍ കഴിയാന്‍ തയ്യാറായാണ് എത്തുക. ചെന്നൈ സംഘങ്ങള്‍ കേരളത്തിലും ചെന്നൈയിലുമായി രണ്ടു വട്ടം ക്വാറന്റീനില്‍ കഴിയേണ്ടി വരും.

ജിബൂട്ടിയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള താജുറ എന്ന ദ്വീപിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഷൂട്ടിങ് തീര്‍ന്ന സംഘങ്ങങ്ങള്‍ ജിബൂട്ടിയിലെത്തിയ ശേഷം പ്രത്യേകമൊരുക്കിയ താമസ സ്ഥലത്തായിരുന്നു ലോക്ഡൗണ്‍ നാളുകളില്‍ കഴിഞ്ഞത് .

സംവിധായകന്‍ സിനു വിന്റെ കഥയ്ക്ക് ഉപ്പും മുളകും തിരക്കഥാകൃത്ത് അഫ്‌സല്‍ കരുനാഗപ്പള്ളിയാണ് തിരക്കഥ,സംഭാഷണം നിര്‍വഹിക്കുന്നത്. ടി ഡി ശ്രീനിവാസ് ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂരാണ് . ചിത്രത്തില്‍ കൈതപ്രത്തിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ദീപക്‌ദേവാണ്്.

Top