സി.പി.എം എം.പിയെ കണ്ട് പഠിക്കണം, സ്വന്തം ജനപ്രതിനിധികളോട് രാഹുൽ !

സി.പി.എം എം.പിയെ കണ്ടു പഠിക്കണമെന്ന് കോണ്‍ഗ്രസ്സ് നേതാക്കളെ ഉപദേശിച്ചിരിക്കുകയാണിപ്പോള്‍ രാഹുല്‍ ഗാന്ധി. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് വീണ്ടും അഭ്യര്‍ത്ഥിച്ച ഉന്നത നേതാക്കളോടാണ് രാഹുലിന്റെ ഈ പ്രതികരണം. കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ ബി.ജെ.പി പാളയത്തില്‍ കൂട്ടത്തോടെ ചേക്കേറുന്ന സാഹചര്യത്തിലാണ് രാഹുലും നിലപാട് വ്യക്തമാക്കിയത്.

സ്വന്തം തട്ടകത്തില്‍ തകര്‍ന്നടിഞ്ഞിട്ടും ത്രിപുരയില്‍ നിന്നുള്ള സി.പി.എം വനിത എം.പി സ്വീകരിച്ച കടുത്ത നിലപാടാണ് രാഹുല്‍ ഗാന്ധിയെ അമ്പരിപ്പിച്ചത്. ഒരു നിവേദനം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച ഝര്‍ണാദാസ് എം.പിയോട് ബി.ജെ.പിയില്‍ ചേരാന്‍ അദ്ദേഹം ആവശ്യപ്പെട്ടുകയായിരുന്നു. ‘ഞാന്‍ കാണാന്‍ വന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയെയാണ്, ബി.ജെ.പി അദ്ധ്യക്ഷനെയല്ല’ എന്നായിരുന്നു ഇതിനുള്ള എം.പിയുടെ മറുപടി. പണവും അധികാരവും ഉണ്ടെങ്കില്‍ എന്തും വിലക്കെടുക്കാമെന്ന അധികാരധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമായിരുന്നു അത്.

പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നടങ്കം ആവേശത്തിലാക്കിയ സംഭവമായി ഈ പ്രതികരണം ഇതിനകം തന്നെ മാറിയിട്ടുണ്ട്. കനല്‍ ഒരു ‘തരി മതി’ ആളിപ്പടരാന്‍ എന്ന് കമ്യൂണിസ്റ്റുകള്‍ പറയുമ്പോള്‍ കളിയാക്കിയവര്‍ പോലും ആ ചങ്കുറപ്പിന് മുന്നില്‍ നമിച്ചു പോയെന്നതാണ് സത്യം. പണത്തിനും അധികാര സ്ഥാനങ്ങള്‍ക്കും പിന്നാലെ പാര്‍ട്ടി ജനപ്രതിനിധികള്‍ ഓടുമ്പോള്‍ രാഹുലിന് ഝര്‍ണാദാസിനെ ചൂണ്ടിക്കാണിക്കേണ്ടി വന്നതും ആ കമ്യൂണിസ്റ്റിന്റെ ആത്മാര്‍ത്ഥത കണ്ടത് കൊണ്ട് മാത്രമാണ്.

തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ പോലും കൊടുപ്പിക്കാതെ ബി.ജെ.പി സമ്പൂര്‍ണ്ണ വിജയം നേടിയ സംസ്ഥാനത്ത് ഇപ്പോഴും ചുവപ്പിന്റെ പ്രതീക്ഷയാണ് ഈ വനിതാ പോരാളി. രാജ്യസഭയില്‍ ത്രിപുരയില്‍ നിന്നുള്ള ഏക എം.പിയായ ഝര്‍ണദാസ് അസാമാന്യ ധീരതയുള്ള വനിതയാണ്. ത്രിപുരയില്‍ തീവ്രവാദം കൊടികുത്തി വാണ തൊണ്ണൂറുകളില്‍ ഇവരുടെ വീടാക്രമിച്ച് ഭര്‍ത്താവിനെ കണ്‍മുന്നിലിട്ടാണ് അക്രമികള്‍ വെട്ടിക്കൊന്നിരുന്നത്.

തീവ്രവാദികളെ ചെറുത്ത് തോല്‍പ്പിച്ച ആ ധീരതയുടെ മനസ്സ് കാണാതെ പോയതാണ് അമിത് ഷായ്ക്ക് പറ്റിയ വലിയ പിഴവ്. അദ്ദേഹം കരുതിയത് ഗോവയിലും കര്‍ണ്ണാടകയിലും മഹാരാഷ്ട്രയിലും എല്ലാം കൈ ഞൊടിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ ഓടിയെത്തിയ പോലെ ഈ കമ്യൂണിസ്റ്റുകാരിയും കാവിയണിയുമെന്നായിരുന്നു.

ഒരു മാര്‍ക്സിസ്റ്റ് ഒറ്റക്കാണെങ്കിലും അവസാന ശ്വാസം വരെ കാവി രാഷ്ട്രീയത്തിനെതിരെ പൊരുതുമെന്ന സന്ദേശമാണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഝര്‍ണാദാസ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. സമ്പൂര്‍ണ്ണ പരാജയത്തില്‍ നിന്നും കൂടുതല്‍ കരുതാര്‍ജിക്കുന്നതാണ് ചുവപ്പ് പ്രത്യയശാസ്ത്രമെന്നും അവര്‍ എതിരാളികളെ ഓര്‍മ്മപ്പെടുത്തുന്നു. ഈ സംഭവം ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്ത ആയത് ബി.ജെ.പിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.
കൂറുമാറ്റം നടത്തി എതിര്‍ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാം എന്ന നിലപാടിനേറ്റ കനത്ത പ്രഹരമാണിത്.

ഗോവയിലെ 15 കോണ്‍ഗ്രസ്സ് എം.എല്‍.എമാരില്‍ 10 പേരെയും ഒറ്റയടിക്കാണ് ബി.ജെ.പി അടര്‍ത്തിമാറ്റിയിരുന്നത്. കൂറുമാറ്റത്തിന് നേതൃത്വം കൊടുത്തവര്‍ക്ക് മന്ത്രി സ്ഥാനവും നല്‍കുകയുണ്ടായി. കര്‍ണ്ണാടകയില്‍ പയറ്റിയതും വാഗ്ദാന രാഷ്ട്രീയം തന്നെയാണ്. മഹാരാഷ്ടയിലെ പ്രതിപക്ഷ നേതാവ് തന്നെയാണ് ബി.ജെ.പിയായി മാറിയത്. കോണ്‍ഗ്രസ് ഭരണത്തിലുള്ള മധ്യപ്രദേശിലും രാജസ്ഥാനിലും പോലും ‘ഓപ്പറേഷന്‍ താമരയുടെ’ വലയത്തിലാണ് മിക്ക കോണ്‍ഗ്രസ്സ് നേതാക്കളും നിലവില്‍ നില്‍ക്കുന്നത്. ഇങ്ങനെ പോയാല്‍ സോണിയ ഗാന്ധിയും മക്കളും ഒഴികെ മറ്റെല്ലാവരും കാവിയണിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും പരിഹസിക്കുന്നത്.

ഒരു കേഡര്‍ പാര്‍ട്ടിയല്ല എന്നതാണ് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് തിരിച്ചടിക്ക് പ്രധാന കാരണം. എന്താണ് നിങ്ങളുടെ പ്രത്യയശാസ്ത്രമെന്ന് ചോദിച്ചാല്‍ കോണ്‍ഗ്രസ് എം.എല്‍എമാരും അന്തംവിടും. അച്ചടക്കം, പാര്‍ട്ടി വിധേയത്വം എന്നിവ മുതിര്‍ന്ന നേതാക്കള്‍ക്കു പോലും കോണ്‍ഗ്രസ്സിനോടില്ല. പാര്‍ട്ടിയുടെ മുഖമായ ദേശീയ വക്താക്കള്‍ പോലും കാവിയണിഞ്ഞത് ഇതിന് ഉദാഹരണമാണ്.

എം.എല്‍.എ ടിക്കറ്റും എം.പി ടിക്കറ്റുമെല്ലാം ലഭിക്കാന്‍ ഹൈക്കമാന്റിലെ ഏതെങ്കിലും നേതാവിന്റെ പിന്തുണയും നോട്ടുക്കെട്ടുകളും മാത്രം മതിയാകും. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റുള്ള നേതാക്കളാകട്ടെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് വരുമ്പോള്‍ ഔട്ടാകുകയും ചെയ്യും. ഇങ്ങനെ സീറ്റുകള്‍ തരപ്പെടുത്തി വിജയിക്കുന്നവരെ അടര്‍ത്തിമാറ്റാനും എളുപ്പമാണ്. കാരണം അവര്‍ക്ക് ആരോടും വിധേയത്വമില്ല, പണം മുടക്കി സീറ്റുവാങ്ങിയതിനാല്‍ അത് മുതലാക്കുക എന്ന ചിന്ത മാത്രമാണ് ഇത്തരം ജനപ്രതിനിധികളെ മുന്നോട്ട് നയിക്കുന്നത്. അവര്‍ വാഗ്ദാനത്തില്‍ വീണ് കാവിപാളയത്തില്‍ ചേക്കേറുക എന്നത് സ്വാഭാവികമാണ്.

കോണ്‍ഗ്രസ്സിന്റെ അണികളിലും അനുഭാവികളിലും പാര്‍ട്ടിയോട് വെറുപ്പ് തോന്നാന്‍ ഇത്തരം കാലുമാറ്റങ്ങള്‍ കാരണമായി തുടങ്ങിയിട്ടുണ്ട്. ബി.ജെ.പി ആത്യന്തികമായി ലക്ഷ്യമിടുന്നതും ഈ തകര്‍ച്ച തന്നെയാണ്. കമ്യൂണിസ്റ്റുകളെ ഒഴികെ മറ്റ് ഏത് പാര്‍ട്ടിയുടെ ജനപ്രതിനിധികളെയും അടര്‍ത്തിമാറ്റാന്‍ എളുപ്പത്തില്‍ കഴിയുമെന്നാണ് ബി.ജെ.പി നേതൃത്വം ഇപ്പോഴും അവകാശപ്പെടുന്നത്.

political reporter

Top