പാവങ്ങളെ ഇനി പൗരത്വം തെളിയിക്കാന്‍ ക്യൂ നിര്‍ത്തണോ? ഹേമന്ത് സോറന്റെ ചോദ്യം

ദാരിദ്ര്യത്തില്‍ കഴിയുന്ന ജാര്‍ഖണ്ഡിലെ ജനവിഭാഗങ്ങളോട് അവരുടെ പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടാനില്ലെന്ന സൂചനയുമായി ജാര്‍ഖണ്ഡ് നിയുക്ത മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ബിജെപി അധികാരത്തില്‍ നിന്ന് പുറത്താക്കി സംസ്ഥാന തെരഞ്ഞെടുപ്പില്‍ മുന്നേറ്റം കുറിച്ച ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിന്റെ 44കാരനായ നേതാവ് മോദി സര്‍ക്കാരിന്റെ നിര്‍ദ്ദേശമായ എന്‍ആര്‍സിയെ നോട്ട് നിരോധനത്തോടാണ് ഉപമിച്ചത്.

ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യക്കാരെ പുതിയ തലത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെയാണ് നയിക്കുകയെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹേമന്ത് സോറന്‍ കൂട്ടിച്ചേര്‍ത്തു. ‘പദ്ധതികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്, എന്നാല്‍ അത് ജനങ്ങളെ വീണ്ടും ക്യൂവില്‍ നിര്‍ത്തലാകും, ഇത്തവണ അത് പൗരത്വം തെളിയിക്കാന്‍ വേണ്ടിയാകും, 2016 നോട്ട് നിരോധന കാലത്തിന്റെ ആവര്‍ത്തനമാകും ഇത്’, ജാര്‍ഖണ്ഡില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ എന്‍ആര്‍സി നടപ്പാക്കുമോയെന്ന ചോദ്യത്തിന് സോറന്‍ മറുപടി നല്‍കി.

പൗരത്വം തെളിയിക്കാനുള്ള പരീക്ഷണത്തില്‍ രാജ്യത്തെ ഗ്രാമീണ ജനതയ്ക്ക് എത്രത്തോളം പേപ്പര്‍വര്‍ക്കുകള്‍ നടത്താന്‍ കഴിയുമെന്ന് ജെഎംഎം നേതാവ് അതിശയം പ്രകടിപ്പിച്ചു. ’80 ശതമാനം ജനസംഖ്യയും ഗ്രാമങ്ങളിലാണ്, ഇവര്‍ കര്‍ഷകരും, തൊഴിലാളികളും, മറ്റ് വിഭാഗക്കാരുമാണ്. 18 കോടിയിലേറെ പേര്‍ കാര്‍ഷിക തൊഴിലാളികളാണ്. സ്വന്തമായി ഭൂമിയില്ലാത്തവരാണ്. അവര്‍ക്ക് യാതൊരു രേഖകളും ഉണ്ടാകില്ല. ഇവര്‍ ജോലി ചെയ്യാന്‍ ശ്രമിക്കുമോ അതോ പൗരത്വം തെളിയിക്കാന്‍ പോകുമോ?’, സോറന്‍ ചോദിച്ചു.

മോദി സര്‍ക്കാരിന്റെ എന്‍ആര്‍സിയും, സിഎഎയും സംബന്ധിച്ച് കേട്ടറിവ് മാത്രമാണുള്ളത്. ഇവ വ്യക്തമായി പരിശോധിച്ച് സംസ്ഥാന താല്‍പര്യത്തിന് അനുയോജ്യമാണോയെന്ന് പരിശോധിച്ച ശേഷമാകും തീരുമാനം കൈക്കൊള്ളുകയെന്നും ഹേമന്ത് സോറന്‍ കൂട്ടിച്ചേര്‍ത്തു.

Top