അണക്കെട്ടിന് പെയിന്റടിക്കണം; ജാര്‍ഖണ്ഡും പശ്ചിമബംഗാളും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു

masanjore-dam

കൊല്‍ക്കത്ത: മസഞ്ചോര്‍ അണക്കെട്ടിന് പെയിന്റടിക്കുന്നത് സംബന്ധിച്ച് ജാര്‍ഖണ്ഡും പശ്ചിമ ബംഗാളും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു.

ഇരുസംസ്ഥാനങ്ങളുടെയും അതിര്‍ത്തിയിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന് നീലയും വെള്ളയും നിറം നല്‍കാനുള്ള പശ്ചിമബംഗാളിന്റെ തീരുമാനത്തെ ജാര്‍ഖണ്ഡ് എതിര്‍ത്തതോടെയാണ് വിഷയം വഷളായത്. ജാര്‍ഖണ്ഡിന്റെ അതിര്‍ത്തി ജില്ലയായ ഡുംക്കയിലാണ് മസഞ്ചോര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. എന്നാല്‍, ഇത് പശ്ചിമബംഗാള്‍ ജലസേചനവകുപ്പിന്റെ അധികാരപരിധിയിലാണ് ഉള്‍പ്പെടുന്നത്. ധാരാളം വിനോദസഞ്ചാരികള്‍ വരുന്ന കേന്ദ്രം കൂടിയാണ് ഇവിടം.

അണക്കെട്ടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1.82 കോടി രൂപ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. അണക്കെട്ടിന് പെയിന്റടിക്കുന്നതിനും സ്റ്റാഫ് ക്വാട്ടേഴ്‌സ് നിര്‍മ്മിക്കുന്നതിനുമാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്. പശ്ചിമബംഗാളിലെ സര്‍ക്കാര്‍ തീരുമാനമനുസരിച്ച് പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് നീലയും വെള്ളയും നിറങ്ങളാണ് നല്‍കാറുള്ളത്. അത് കൊണ്ട് തന്നെ അണക്കെട്ടിനും നീലയും വെള്ളയും നിറങ്ങള്‍ മതിയെന്നായിരുന്നു തീരുമാനം. എന്നാല്‍, ഈ നിറങ്ങള്‍ പശ്ചിമബംഗാളിന്റെ ഔദ്യോഗിക നിറങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളവയല്ലെന്നും തീരുമാനത്തിന് പിന്നിലുള്ളത് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയതാല്‍പര്യങ്ങളാണെന്നും ആരോപിച്ച് ബി.ജെ.പി രംഗത്തെത്തുകയായിരുന്നു.

Top