ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ക്ക് പിന്നില്‍ ജാര്‍ഖണ്ഡിലെ വന്‍ സംഘമെന്ന് പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ക്ക് പിന്നില്‍ ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചുള്ള വന്‍ സംഘമെന്ന് പൊലീസ്.

മാത്രമല്ല, തിരുവനന്തപുരത്ത് നടന്ന തട്ടിപ്പുകളന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെന്ന നൂറ്റമ്പതോളം പരാതിയാണ് തലസ്ഥാനത്ത് മാത്രം ലഭിച്ചിരിക്കുന്നത്.

ഈ തട്ടിപ്പിനെല്ലാം പിന്നില്‍ ജാര്‍ഖണ്ഡിലെ ജംതാര എന്ന പ്രദേശം കേന്ദ്രീകരിച്ചുള്ള വന്‍സംഘമാണെന്നാണ് സിറ്റി പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.

ചെറുഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വിദേശികളടക്കമുള്ള ഒട്ടേറെ സംഘങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഇവിടെ കടന്ന് കൂടി ഇവരെ പിടികൂടുക ദുഷ്‌കരമായതിനാല്‍ പരാതികളെല്ലാം ഒന്നിച്ച് ഒരു പ്രത്യേകസംഘത്തിന് കൈമാറാനും പൊലീസ് തീരുമാനിച്ചു.

ഒ.ടി.പി നല്‍കാതെയും തട്ടിപ്പ് നടന്നതെന്ന പരാതിയില്‍ കൂടുതല്‍ പരിശോധിച്ചാല്‍ മാത്രമേ വ്യക്തതയുണ്ടാകുവെന്നും പൊലീസ് വിലയിരുത്തുന്നു.

Top