ബീഫ് കൈവശം വച്ചെന്നാരോപണം, ജാര്‍ഖണ്ഡില്‍ ഒരാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

രാംഗഡ്: ബീഫ് കൈവശം വച്ചെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ ഒരാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.

രാംഗഡ് ജില്ലയിലെ ഭജര്‍ടണ്ട് ഗ്രാമത്തിലാണ് സംഭവം. അലീമുദ്ദീന്‍ എന്ന അസഗര്‍ അന്‍സാരിയാണ് കൊല്ലപ്പട്ടത്.

ഇയാളുടെ മാരുതി വാനില്‍ ബീഫ് കണ്ടെത്തിയെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം ഇയാളെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അക്രമികളില്‍ നിന്ന് ഇയാളെ രക്ഷിച്ച പോലീസ് അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അലീമുദ്ദീന്റെ വാഹനവും അക്രമിസംഘം കത്തിച്ചിട്ടുണ്ട്.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് സംശയിക്കുന്നതായി എഡിജിപി ആര്‍കെ മാലിക് പറഞ്ഞു.

കൊല്ലപ്പെട്ട അല്ലീമുദ്ദീന്റെ പേരില്‍ കൊലപാതകക്കേസും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസും രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും ചില കന്നുകാലി വ്യപാരികളായ ചിലര്‍ ചേര്‍ന്ന് ഇയാള്‍ക്കെതിരെ നടത്തിയ ഗൂഢാലോചനയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും എഡിജിപി പറയുന്നു. കൊലപാതകികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബീഫിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ അരങ്ങേറുന്ന രണ്ടാമത്തെ അക്രമമാണിത്. നേരത്തെ ഗിരിധ് ജില്ലയില്‍ വീടിന് മുന്‍പില്‍ പശുവിനെ ചത്തനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജനക്കൂട്ടം വീട്ടുടമസ്ഥനെ ഗുരുതരമായി അക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു.

ഗോസംരക്ഷണത്തിന്റെ പേരില്‍ ആളുകളെ കൊലപ്പെടുത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തു വന്ന് മണിക്കൂറുകള്‍ക്കകമാണ് സമാനവിഷയത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായത്.

Top