സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം ആരംഭിച്ചു; ഹേമന്ത് സോറര്‍ ഇന്ന് ഗവര്‍ണറെ കാണും

റാഞ്ചി: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് ആഞ്ഞടിച്ച പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ജാര്‍ഖണ്ഡ് പിടിച്ചെടുത്ത മഹാസഖ്യം ഹേമന്ത് സോറന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കം ആരംഭിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് അദ്ദേഹം ഇന്ന് ഗവര്‍ണറെ കാണും.

47 സീറ്റുകള്‍ നേടിയാണ് മഹാസഖ്യം ജാര്‍ഖണ്ഡില്‍ അധികാരം പിടിച്ചത്. ജെ.എം.എം ആണ് ഏറ്റവും വലിയ ഒറ്റകക്ഷി . 30 സീറ്റാണ് ജെഎംഎമ്മിന് ലഭിച്ചത്. ബിജെപിക്ക് 25 സീറ്റാണ്‌ലഭിച്ചത്. ഈ സാഹചര്യത്തില്‍ ഇന്നുതന്നെ സര്‍ക്കാര്‍ രൂപീകരണ നടപടികളിലേയ്ക്ക് സഖ്യകക്ഷികള്‍ നീങ്ങും എന്നാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി രഘുബര്‍ ദാസ് രാജിവെച്ചു.വ്യക്തമായ ആധിപത്യമാണ് മഹാസഖ്യം നേടിയത്. ജെഎംഎമ്മിന് കൂടുതല്‍ സീറ്റുകള്‍ മല്‍സരിക്കാന്‍ വിട്ടു നല്‍കിയ കോണ്‍ഗ്രസ് തീരുമാനം ശരിവെക്കുന്നതാണ് ജനവിധി.

2014ലെ തെരഞ്ഞെടുപ്പിനേക്കാള്‍ മഹാസഖ്യത്തിലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും ആര്‍ജെഡിയും സീറ്റ് നില വര്‍ധിപ്പിച്ചു. ചെറുകക്ഷികളായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചക്കും പ്രതീക്ഷിച്ച വിജയം നേടാനായില്ല. മഹാസഖ്യം കേവലഭൂരിപക്ഷം നേടിയതോടെ കിങ്‌മേക്കറാകാമെന്ന എജെഎസ്യുവിന്റെയും ജെവിഎമ്മിന്റെയും മോഹത്തിന് തിരിച്ചടിയായി.

മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും മികച്ച വിജയമാണ് ഹേമന്ത് സോറന്‍ നേടിയത്. ധുംക മണ്ഡലത്തില്‍ 13,188 വോട്ടിന്റെയും ബര്‍ഹെടില്‍ 25,740 വോട്ടിന്റെയും ഭൂരിപക്ഷം അദ്ദേഹത്തിന് ലഭിച്ചു. മുന്‍ കേന്ദ്രമന്ത്രി ഷിബു സോറന്റെ മകനും നിലവില്‍ ജെ.എം.എം. വര്‍ക്കിങ് പ്രസിഡന്റുമാണ് അദ്ദേഹം.

 

 

Top