‘പൗരത്വ’ത്തില്‍ തട്ടിവീഴുമോ ബിജെപി; ജാര്‍ഖണ്ഡ് ജനവിധി ഇന്ന്; ഉറ്റുനോക്കി രാജ്യം

vote

 

റാഞ്ചി : ദേശീയ പൗരത്വ നിയമ ഭേദഗതിയില്‍ ബിജെപിയോടുള്ള ജനവികാരം ഇന്നറിയാം. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. പൗരത്വ നിയമം പാസ്സാക്കിയതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണ് ജാര്‍ഖണ്ഡിലേത്.

81 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും മാത്രമല്ല പ്രാദേശിക പാര്‍ട്ടികളുടെയും നെഞ്ചിടിപ്പേറ്റാന്‍ പോന്നതാണ്.രാവിലെ എട്ടിന് 24 ജില്ലാ ആസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നോടെ ഏകദേശ ഫലം വ്യക്തമാകും. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വിനയ് കുമാര്‍ ചൗബെ അറിയിച്ചു.

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയിയെ എക്‌സിറ്റ് പോളുകള്‍ക്കു പോലും കൃത്യമായി പ്രവചിക്കാനായിരുന്നില്ല. എന്നാല്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച-കോണ്‍ഗ്രസ് സഖ്യത്തിനാണ് നേരിയ ഭൂരിപക്ഷം പ്രവചിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.

 

Top