ജാര്‍ഖണ്ഡില്‍ കന്നുകാലികളെ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു

cow

പാറ്റ്‌ന: ജാര്‍ഖണ്ഡില്‍ ഗൊഡ്ഡ ജില്ലയില്‍ കന്നുകാലികളെ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു. കന്നുകാലികളെ മോഷ്ടിക്കാനെത്തിയ അഞ്ചംഗ സംഘത്തിലെ രണ്ട് പേരാണ് നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഒരാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും മറ്റൊരാള്‍ ഇയാളുടെ സഹായിയാണെന്നും പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് നാല് ഗ്രാമീണരെ അറസ്റ്റ് ചെയ്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. അടുത്തിടെ തങ്ങളുടെ കന്നുകാലികള്‍ മോഷണം പോകുന്നത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് മോഷ്ടാക്കളെ പിടിക്കാന്‍ രാത്രി മുഴുവന്‍ നാട്ടുകാര്‍ കാവല്‍ നില്‍ക്കുന്നതും പതിവായിരുന്നു.

ഇതിനിടയിലാണ് അഞ്ചംഗ സംഘം കാലി മോഷണത്തിനായി ഗ്രാമത്തിലേക്ക് എത്തിയത്. മോഷ്ടാക്കളുടെ സാന്നിധ്യം മനസിലാക്കിയ ഗ്രാമീണര്‍ ഉണരുകയും ഇവരെ പിന്തുടര്‍ന്ന് പിടിക്കുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും കുറ്റവാളികളെന്ന് കണ്ടെത്തുന്ന എല്ലാവര്‍ക്കും എതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Top