ജാര്‍ഖണ്ഡില്‍ അവസാനഘട്ട പോളിങ് പുരോഗമിക്കുന്നു; താമര മുങ്ങുമോ, പ്രതീക്ഷിച്ച് പ്രതിപക്ഷം

റാഞ്ചി: രാജ്യമെമ്പാടും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുകയാണ്. ഇതിനിടെ ജാര്‍ഖണ്ഡിലെ 16 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിങ് പുരോഗമിക്കുകയാണ്. രാവിലെ 7 മണിക്കാണ് പോളിങ് തുടങ്ങിയത്. വൈകുന്നേരം അഞ്ച് മണിയോടെ അവസാനിക്കും.

237 സ്ഥാനാര്‍ത്ഥികളാണ് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്‍, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ലൂയിസ് മറാണ്ടി, കൃഷിമന്ത്രി രന്ദീര്‍ സിങ് തുടങ്ങിയവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍. ഡിസംബര്‍ 23ന് ഫലം പുറത്ത് വരും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രശ്‌നങ്ങള്‍ കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണ്ണായകമാണ്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളും ഏറെ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നത്.

81 സീറ്റുകളുള്ള ജാര്‍ഖണ്ഡ് നിയമസഭയില്‍ ബിജെപിക്ക് 42 എംഎല്‍എമാരാണുള്ളത്. ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ഹേമന്ത് സോറന് ഏറെ വിജയപ്രതീക്ഷയാണ് സംസ്ഥാനത്തുള്ളത്. ധുംക, ബര്‍ഹെയ്ത്ത് മണ്ഡലങ്ങളില്‍ നിന്നാണ് ഹേമന്ത് സോറന്‍ ജനവിധി തേടുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, അര്‍ജുന്‍ മുണ്ടെ, ബിജെപി നേതാവ് ജെപി നഡ്ഡ, മുഖ്യമന്ത്രി രഘുബര്‍ ദാസ് തുടങ്ങിയവര്‍ ബിജെപിക്ക് വേണ്ടിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഛത്തീസ്ഖഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, ശത്രുഘ്നന്‍ സിന്‍ഹ തുടങ്ങിയവര്‍ കോണ്‍ഗ്രസിനു വേണ്ടിയും ജാര്‍ഘണ്ഡിലെ പ്രചാരണ രംഗത്ത് സജീവമായിരുന്നു.

Top