ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ ആഭരണ മോഷണം: പ്രതി പിടിയിൽ

ചെന്നൈ : ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ നഷ്ടമായെന്ന പരാതിയുമായി രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത് പൊലീസില്‍ പരാതി നല്‍കിയത്. വജ്ര, സ്വർണാഭരണങ്ങളും രത്നങ്ങളും കാണാതായെന്നാണ് ഐശ്വര്യ പരാതി നൽകിയിരിക്കുന്നത്. മൂന്ന് ജീവനക്കാർക്കെതിരെയാണ് ഇവരുടെ പരാതി.

ആഭരണങ്ങൾ സൂക്ഷിച്ച ലോക്കറിന്റെ താക്കോൽ എവിടെയെന്ന് ജീവനക്കാർക്ക് അറിയാമായിരുന്നു. മൂന്ന് ജീവനക്കാരെ സംശയമുണ്ടെന്നും ഐശ്വര്യ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഐശ്വര്യയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച തേനാംപേട്ട് പൊലീസ് കുറ്റവാളിയെ അറസ്റ്റ് ചെയ്തുവെന്നാണ് പുതി വിവരം.

അറുപതോളം പവന്റെ ആഭരണങ്ങൾ നഷ്ടമായെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇപ്പോള്‍ കേസില്‍ ഐശ്വര്യയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന 40 കാരിയായ വീട്ടു ജോലിക്കാരി ഈശ്വരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ വളരെ ഭയത്തോടെ വ്യക്തമായ ഉത്തരങ്ങള്‍ ഇവര്‍ നല്‍കിയില്ലെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് സാഹചര്യ തെളിവുകളും മറ്റും ഹാജറാക്കിയപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചു.

ഈശ്വരിയുടെയും ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ ഇടയ്ക്കിടെ വൻ തുക ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് പ്രതികളെന്ന സംശയത്തില്‍ ചോദ്യം ചെയ്യലിനായി ഈശ്വരിയെയും ഭര്‍ത്താവിനെയും തേനാംപേട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. 2019 മുതൽ 60 പവൻ ആഭരണങ്ങൾ ചെറുതായി മോഷ്ടിച്ച് പണമാക്കി മാറ്റിയതായി ഇവർ സമ്മതിച്ചതായി ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

2019 ൽ സഹോദരി സൗന്ദര്യയുടെ വിവാഹ ശേഷം ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നാണ് ഐശ്വര്യ പരാതിയില്‍ പറയുന്നത്. ഈ ലോക്ക‍ർ പല തവണയായി മൂന്നിടത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ലോക്കറിന്റെ കീ തന്റെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഇത് ജോലിക്കാർക്ക് അറിയാമായിരുന്നു. ഫെബ്രുവരി 10 ന് ലോക്കർ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായതായി മനസ്സിലായത്. 18 വർഷം മുമ്പ് തന്റെ വിവാഹ സമയത്ത് വാങ്ങിയ ആഭരണങ്ങളാണ് ഇതെന്നും ഐശ്വര്യ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

Top