ജ്വല്ലറി തട്ടിപ്പ്; എം സി കമറുദ്ദീനെതിരായ പരാതി നിയമസഭാ സമിതി അന്വേഷിക്കും

മലപ്പുറം: ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം. സി കമറുദ്ദീനെതിരെയുള്ള പരാതി നിയമസഭാ സമിതി അന്വേഷിക്കും. തൃക്കരിപ്പൂര്‍ എംഎല്‍എ എം.രാജഗോപാലന്റെ പരാതിയിലാണ് നടപടി. കമറുദീന്‍ ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രാജഗോപാലന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

കമറുദ്ദീന്റെ നടപടി സഭാംഗത്തിന് ചേരാത്തതും ചട്ടവിരുദ്ധമാണെന്നും കാട്ടിയാണ് തൃക്കരിപ്പൂര്‍ എംഎല്‍എ എം. രാജഗോപാലന്‍ സ്പീക്കറെ സമീപിച്ചത്. കമറുദ്ദീനെതിരേ നടപടി വേണമെന്നും ആവശ്യമുണ്ട്. പരാതി സ്പീക്കര്‍ നിയമസഭയുടെ പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് ഇതുസംബന്ധിച്ച ഫയലില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഒപ്പിട്ടത്.

അടുത്തമാസം എത്തിക്സ് കമ്മിറ്റി യോഗം ചേരാനാണ് ആലോചന. കമറുദ്ദീനെ സഭാ സമിതി വിളിച്ചുവരുത്തി ആരോപണങ്ങളില്‍ വിശദീകരണം തേടും. എ.പ്രദീപ്കുമാറാണ് പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റിയുടെ ചെയര്‍മാന്‍.

Top