Jets pound Aleppo as UN discusses Syria escalation

ന്യൂയോര്‍ക്ക്: സിറിയയിലെ വിമതകേന്ദ്രങ്ങളില്‍ ബശ്ശാര്‍ സൈന്യം ആക്രണം ശക്തമാക്കിയ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു.എന്‍ രക്ഷാസമിതി അടിയന്തരയോഗം ചേര്‍ന്നു. യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് രക്ഷാസമിതി യോഗം ചേര്‍ന്നത്. ആക്രമണത്തില്‍ നൂറുകണക്കിനു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച മുതലാണ് റഷ്യന്‍ സൈന്യത്തിന്റെ പിന്തുണയോടെ സിറിയന്‍ സൈന്യം ആക്രമണം രൂക്ഷമാക്കിയത്. വിമത കേന്ദ്രമായ അലെപ്പോയില്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറുകണക്കിനു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച മാത്രം 42 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ നിരീക്ഷക സംഘങ്ങള്‍ അറിയിച്ചു.വ്യോമാക്രമണത്തില്‍ രണ്ട് കുടിവെള്ള വിതരണകേന്ദ്രങ്ങള്‍ കൂടി തകര്‍ന്നതോടെ 20 ലക്ഷത്തോളം ജനങ്ങള്‍ വെള്ളവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ പ്രയാസപ്പടുകയാണെന്ന് കഴിഞ്ഞ ദിവസം യുഎന്‍ റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. അമേരിക്കയും റഷ്യയും തമ്മില്‍ ധാരണയായ വെടിനിറുത്തല്‍ കരാര്‍ പരാജയപ്പെട്ടതിന് തൊട്ടുപിറകെയാണ് സിറിയന്‍ ഭരണകൂടം വിമതര്‍ക്ക് നേരെ ആക്രമണം ശക്തമാക്കിയത്.

മൂന്ന് ദിവസത്തിനുള്ളില്‍ ഇരുന്നൂറിലേറെ സിവിലയന്‍മാര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിക്കാന്‍ ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയോട് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടത്.

വിമതരുടെ അധീനതയിലുള്ള അന്ദറാത് ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പ് സൈന്യം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. അലെപ്പോയില്‍ സേവനത്തിനായെത്തിയ വിവിധ സന്നദ്ധസംഘടനകളുടെ ക്യാമ്പുകള്‍ക്ക് നേരെയും സൈന്യംആക്രമണം നടത്തിയിരുന്നു.

Top