Jet santhosh murder case- two get death sentence

തിരുവനന്തപുരം: ജെറ്റ് സന്തോഷ് വധകേസില്‍ രണ്ട് പേര്‍ക്ക് വധശിക്ഷ. ആറ്റുകാല്‍ സ്വദേശി അനില്‍ കുമാര്‍, സോജു എന്നറിയപ്പെടുന്ന അജിത് കുമാര്‍ എന്നിവരെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.പി ഇന്ദിര വധശിക്ഷക്ക് വിധിച്ചത്. മറ്റ് അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്.

പ്രാവ് ബിനു എന്ന ബിനു കുമാര്‍, സുര എന്ന സുരേഷ് കുമാര്‍, വിളവൂര്‍ക്കല്‍ നിവാസികളായ കൊച്ചു ഷാജി എന്ന ഷാജി, ബിജുക്കുട്ടന്‍ എന്ന ബിജു, മുട്ടത്തറ സ്വദേശിയായ കിഷോര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

2004 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഗൂണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് പുന്നശ്ശേരി സ്വദേശി ജെറ്റ് സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനെ തട്ടിക്കൊണ്ടു പോയി ആറ് കഷ്ണങ്ങളാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.

വിചാരണക്കിടയില്‍ ജെറ്റ് സന്തോഷിന്റെ മാതാവ് അടക്കമുള്ള സാക്ഷികള്‍ കൂറുമാറിയെങ്കിലും സാഹചര്യ തെളിവുകളുടെയും മാപ്പുസാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

Top