ജെറ്റ് ഇന്ധന വില 12% കുറഞ്ഞു; വിമാന ടിക്കറ്റ് നിരക്കില്‍ കുറയും

ഡൽഹി: എയര്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വിലയില്‍ 12 ശതമാനം കുറവുണ്ടായ സാഹചര്യത്തില്‍ വിമാനയാത്രാ ചെലവ് കുറയും.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നാണ് ജെറ്റ് ഇന്ധന വില കുറഞ്ഞത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വിജ്ഞാപന പ്രകാരം ഡല്‍ഹിയില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ വില കിലോ ലിറ്ററിന് 1.21 ലക്ഷം രൂപയായിരിക്കും. നേരത്തെ കിലോ ലിറ്ററിന് 138,147.93 രൂപയായിരുന്നു വില.

സാധാരണയായി, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില എല്ലാ മാസവും 1, 16 തീയതികളില്‍ പരിഷ്കരിക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്താരാഷ്ട്ര എണ്ണ വിലയുടെ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇന്ധന വില പരിഷ്കരിക്കുന്നത്. മുംബൈയില്‍ ഒരു കിലോലിറ്റര്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില 1,20,875.86 രൂപയാണ്. കൊല്‍ക്കത്തയില്‍ 1,26,516.29 എന്ന നിരക്കിലാണ് എടിഎഫ് ലഭ്യമാവുക. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയിലുണ്ടായ ഇടിവ് കണക്കിലെടുത്താണ് വ്യോമയാന ഇന്ധന വില കുറച്ചത്.

ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് നിരക്ക് കുറയുന്നത്. ജൂണില്‍ കിലോലിറ്ററിന്‍ 141,232.87 രൂപയായിരുന്നു വില. ഈ വര്‍ഷം തുടക്കം മുതല്‍ 11 തവണയാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഒരു എയര്‍ലൈനിന്റെ പ്രവര്‍ത്തന ചെലവിന്റെ 40 ശതമാനം ജെറ്റ് ഇന്ധനമായതിനാല്‍, വില വര്‍ദ്ധനവും വിമാനത്തിന്റെ ചെലവ് വര്‍ദ്ധിപ്പിക്കും. നിലവിലെ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറയുമെന്നാണ് സൂചന.

Top