Jet crew grounded for letting Sonu Nigam sing mid-air

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിലെ അനൗണ്‍സ്‌മെന്റ് മൈക്കില്‍ ഗായകന്‍ സോനു നിഗമിന് പാടാന്‍ അവസരം നല്‍കിയതിനെ തുടര്‍ന്ന് അഞ്ച് എയര്‍ ഹോസ്റ്റസുമാരെ പുറത്താക്കി. ജനുവരി നാലിന് ജോധ്പൂരില്‍ നിന്ന് മുംബയിലേയ്ക്കുള്ള ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു സംഭവം.

യാത്രക്കാരെല്ലാം പരസ്പരം അറിയുന്നവരായിരുന്നതിനാല്‍ സോനുവിനോട് പാടാന്‍ ആവശ്യപ്പെട്ടു. സോനു നിഗം എയര്‍ ഹോസ്റ്റസുമാരുടെ അനുമതിയോടെ അറിയിപ്പുകള്‍ നല്‍കുന്ന മൈക്ക് ഉപയോഗിച്ച് രണ്ട് പാട്ടുകള്‍ പാടി.

സംഭവം ജീവനക്കാര്‍ക്ക് പുലിവാലാകുമെന്ന് സോനു നിഗമോ മറ്റ് യാത്രക്കാരോ വിചാരിച്ചില്ല. മറ്റ് യാത്രക്കാരും കൂടെ പാടിയപ്പോള്‍ സോനു നിഗം കൂടുതല്‍ ഊര്‍ജ്ജസ്വലനായി. അനൗണ്‍സ്‌മെന്റ് മൈക്കില്‍ സോനു നിഗം പാടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. നിയമവിരുദ്ധമായി സെല്‍ഫോണ്‍ ഉപയോഗിയ്ക്കാനും അതുപയോഗിച്ച് ഫോട്ടോ എടുക്കാനും അനുമതി നല്‍കിയത് വിവാദമായിട്ടുണ്ട്.

എയര്‍ ഹോസ്റ്റസുമാരുടെ നടപടി ഗുരുതരമായ കൃത്യവിലോപമായാണ് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ കാണുന്നത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താന്‍ ജെറ്റ് എയര്‍വേയ്‌സിന് ഡി.ജി.സി.എ നിര്‍ദ്ദേശം നല്‍കി. ലൈസന്‍സ് റദ്ദാക്കാതിരിയ്ക്കാന്‍ കമ്പനിയ്ക്ക് കാരണം കാണിയ്ക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

വിമാനത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവര്‍ക്ക് തിരുത്തല്‍ പരിശീലനം നടത്തും. ഇതാദ്യമായല്ല ഇത്തരം സംഭവങ്ങള്‍ ഇന്ത്യന്‍ വിമാനത്തിലുണ്ടാവുന്നത്. രണ്ട് വര്‍ഷം മുമ്പ് വിമാനം സഞ്ചരിച്ചുകൊണ്ടിരിക്കെ ആളുകളെ നൃത്തം ചെയ്യാന്‍ അനുവദിച്ച നടപടി വലിയ വിവാദമായിരുന്നു.

Top