അടുത്ത വർഷം മുതൽ യാത്രാ സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ജെറ്റ് എയര്‍വേസ്

jetairways

മുംബൈ: ഇന്ത്യന്‍ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ് തിരികെയെത്തുന്നു. അടുത്ത വര്‍ഷാരംഭം മുതല്‍ ജെറ്റ് എയര്‍വേസിന്റെ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കും. ജെറ്റ് എയര്‍വേസിനെ ഏറ്റെടുത്ത ജലന്‍ കര്‍ലോക്ക് കണ്‍സോര്‍ഷ്യമാണ് ഇക്കാര്യം അറിയിച്ചത്. 2019 ഏപ്രിലിലാണ് ജെറ്റ് എയര്‍വേസ് വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചത്. വന്‍ സാമ്പത്തിക പ്രതിസന്ധിലായിരുന്ന വിമാന കമ്പനി പണം സമാഹരിക്കാനായി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.

സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ ന്യൂ ഡല്‍ഹിയില്‍ നിന്ന് മുംബൈ വരെയാവും ആദ്യ യാത്ര. രാജ്യാന്തര സര്‍വീസുകള്‍ അടുത്ത വര്‍ഷം അവസാന പകുതിയില്‍ ആരംഭിക്കും. മൂന്ന് വര്‍ഷം കൊണ്ട് 50 വിമാനങ്ങളും അഞ്ച് വര്‍ഷത്തിനിടെ 100 വിമാനങ്ങളും സ്വന്തമാക്കണമെന്നാണ് കണ്‍സോര്‍ഷ്യത്തിന്റെ തീരുമാനം.

ഡല്‍ഹിയിലാവും കമ്പനിയുടെ പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ്. ഗുഡ്ഗാവില്‍ കോര്‍പ്പറേറ്റ് ഓഫീസ്. ഗ്ലോബല്‍ വണ്‍ ഓഫീസ് മുംബൈയിലെ കുര്‍ളയില്‍ സ്ഥാപിക്കും. നിലവില്‍ 150ലധികം തൊഴിലാളികള്‍ ജെറ്റ് എയര്‍വേസിലുണ്ട്. 1000 തൊഴിലാളികളെ കൂടി ഉടന്‍ നിയമിക്കുമെന്നും കണ്‍സോര്‍ഷ്യം അറിയിച്ചു.

ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതും 8000 കോടി രൂപയുടെ കടം നിലനില്‍ക്കുന്നതുമാണ് കമ്പനിയെ പ്രതിരോധത്തിലാക്കിയത്. കുടിശിക തീര്‍ക്കാതായതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇന്ധനം നല്‍കുന്നത് അവസാനിപ്പിച്ചിരുന്നു.

 

Top