ജെറ്റ് എയര്‍വെയ്‌സിലെ സാമ്പത്തിക പ്രതിസന്ധി; അടിയന്തര യോഗം വിളിച്ച് വ്യോമയാനമന്ത്രി

മുംബൈ: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സ് വിമാനങ്ങള്‍ സര്‍വീസുകള്‍ കൂട്ടമായി റദ്ദാക്കിയ സംഭവത്തില്‍ അടിയന്തരയോഗം വിളിച്ചുചേര്‍ക്കാന്‍ വ്യോമയാനമന്ത്രി സുരേഷ് പ്രഭു മന്ത്രാലയ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

ജെറ്റ് എയര്‍വെയ്‌സിന്റെ ബുക്കിംഗ് റദ്ദാക്കല്‍, പണം തിരികെ നല്‍കല്‍, സുരക്ഷാ പ്രശ്‌നങ്ങള്‍, മറ്റുള്ള വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി വ്യോമയാന മന്ത്രാലയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേരാന്‍ നിര്‍ദ്ദേശിച്ചതായി മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.

ജെറ്റ് എയര്‍വെയ്‌സ് വിമാനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ജി.സി.എ യില്‍ നിന്നും തേടാനും വ്യോമയാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ശമ്പളം ലഭിക്കാതിരിക്കുന്നതും ലഭിക്കാന്‍ വൈകുന്നതും അടക്കമുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മാനസിക പ്രയാസം ജോലിയേയും വിമാനങ്ങളുടെ സുരക്ഷയേയും ബാധിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടി ജെറ്റ് എയര്‍വെയ്‌സ് എന്‍ജിനിയര്‍മാരുടെ സംഘടന സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് കത്തയച്ചിരുന്നു. അതിന് പിന്നാലെയാണ് വ്യോമയാന മന്ത്രിയുടെ ഇടപെടല്‍.

Top