ജെറ്റ് എയര്‍വേയ്‌സിനുള്ളിലെ മര്‍ദ്ദം കുറഞ്ഞു; യാത്രക്കാര്‍ക്ക് അസ്വസ്ഥത

മുംബൈ: മുംബൈ-ജയ്പുര്‍ ജെറ്റ് എയര്‍വേയ്‌സിനുള്ളിലെ മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്ന് യാത്രക്കാര്‍ക്ക് അസ്വസ്ഥത. യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നു. 166 യാത്രക്കാരുമായി മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിനുള്ളിലാണ് സംഭവം. യാത്രക്കാരില്‍ 30 പേരുടെ മൂക്കിലൂടെയും ചെവിയിലൂടെയുമാണ് രക്തം വന്നത്.

മര്‍ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കുവാന്‍ കാബിന്‍ ക്രൂ മറന്നതിനെത്തുടര്‍ന്നായിരുന്നു മര്‍ദ്ദത്തില്‍ വ്യത്യാസമുണ്ടായത്. വ്യാഴാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന 9 ഡബ്ലു 697 വിമാനത്തിലായിരുന്നു സംഭവം. മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് ഓക്‌സിജന്‍ മാസ്‌ക്കുകള്‍ പുറത്തുവരികയായിരുന്നു. തുടര്‍ന്നാണ് യാത്രക്കാരുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റം ഉണ്ടായത്.

നിരവധിപ്പേര്‍ക്ക് തലവേദനയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് വിമാനം മുംബൈയ്ക്ക് തിരിച്ചു വിടുകയായിരുന്നു. യാത്രക്കാര്‍ക്ക് ചികിത്സ നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി.

Top