ജസീക്ക കൊലപാതക കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

court

ലണ്ടന്‍: വിവാദമായ ജസീക്ക കൊലപാതക കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ജസ്റ്റിസ് ജെയിംസ് ഗോസ് ആണ് ശിക്ഷ വിധിച്ചത്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ജസ്റ്റിസ് ജെയിംസ് ഗോസ് പറഞ്ഞു. ജസീക്ക പട്ടേല്‍ എന്ന മുപ്പത്തിനാലുകാരിയെ ഭര്‍ത്താവ് മിതേഷ് പട്ടേല്‍, ഇന്‍സുലില്‍ കുത്തിവച്ച ശേഷം പ്ലാസ്റ്റിക് കൂട് ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നതാണെന്നാണ് കണ്ടെത്തല്‍. മിഡില്‍സ്ബറോ ലിന്‍തോര്‍പ്പിലെ വീടിനുള്ളില്‍ ജെസീക്ക പട്ടേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ മാസമാണ് കേസില്‍ കോടതി വാദം കേട്ടു തുടങ്ങിയത്. സ്വവര്‍ഗാനുരാഗിയായിരുന്ന മിതേഷ് ഡേറ്റിങ് ആപ്പിലൂടെ കണ്ടെത്തിയ കൂട്ടുകാരന്‍ ഡോ. അമിത് പട്ടേലിനൊപ്പം പുതുജീവിതം തുടങ്ങുന്നതിനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ജൂറി വ്യക്തമാക്കി.

വീടിന് അടുത്തു തന്നെ മെഡിക്കല്‍ ഷോപ്പ് നടത്തുകയായിരുന്നു ജെസീക്കയും മിതേഷും. സംഭവത്തില്‍ മിതേഷിനെ അറസ്റ്റ് ചെയ്യുകയും ടീസൈഡ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി കൊലപാതക കുറ്റം ചുമത്തുകയും ചെയ്തു.

മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്താണ് ഇരുവരും പരിചയപ്പെട്ടത്. സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരും ഫോറന്‍സിക് ടീമുമാണ് ജെസീക്ക കൊല്ലപ്പെട്ട വീട്ടില്‍ പരിശോധന നടത്തി സുപ്രധാനമായ വിവരങ്ങള്‍ കണ്ടെത്തി മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

Top