ഐഎസ്എല്ലിന്റെ ആറാം സീസണില്‍ ജെസ്സല്‍ കാര്‍നെറോ കേരള ബ്ലാസ്റ്റേഴ്‌സില്‍ തന്നെ തുടരും

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണില്‍ ജെസ്സല്‍ കാര്‍നെറോ കേരള ബ്ലാസ്റ്റേഴ്‌സില്‍ തന്നെ തുടരുമെന്ന് സൂചന. പരിചയസമ്പന്നനായ ഗോവന്‍ ലെഫ്റ്റ് ബാക്കായ ജെസ്സലുമായി മൂന്ന് വര്‍ഷത്തെക്കാണ് ബ്ലാസ്റ്റേഴ്സ് കരാര്‍ നീട്ടിയത്. കഴിഞ്ഞ സീസണില്‍ ഡെംപോ സ്പോര്‍ട്ടിംഗ് ക്ലബില്‍ നിന്ന് കെബിഎഫ്സിയില്‍ എത്തിയ ജെസ്സല്‍ ടീമിനായി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

ഗോവന്‍ പ്രൊഫഷണല്‍ ലീഗിലൂടെ വളര്‍ന്നുവന്ന ജെസ്സല്‍ 2018-2019 വര്‍ഷം സന്തോഷ് ട്രോഫിയില്‍ ഗോവന്‍ ടീമിന്റെ നായകനായിരുന്നു. കരുത്തുറ്റ പ്രകടനം കാഴ്ച്ചവെച്ച ജെസ്സല്‍ വൈകാതെ തന്നെ കെ.ബി.എഫ്.സി പ്രതിരോധനിരയുടെ ഭാഗമാകും.

‘ഇന്ത്യയിലെ മുന്‍നിര ലെഫ്റ്റ് ബാക്കുകളില്‍ ഒരാളാണ് ജെസ്സല്‍. കഴിഞ്ഞ സീസണില്‍ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒപ്പം ഞങ്ങളുടെ ടീമിന് വളരെ പ്രധാനപ്പെട്ട കളിക്കാരനുമാണ്. അദ്ദേഹത്തിന് ക്ലബിനൊപ്പം തുടരാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്’; കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് കിബു വികുന അഭിപ്രായപ്പെട്ടു.

ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ (18 മത്സരങ്ങള്‍) റെക്കോര്‍ഡു ചെയ്ത ഒരേയൊരു താരമായ ജെസ്സെല്‍ കഴിഞ്ഞ സീസണിലെ എല്ലാ കളികളിലും എല്ലാ മിനിറ്റും ക്ലബ്ബിനായി കളിച്ചിരുന്നു. കെബിഎഫ്സിക്കായി 72.65% വിജയ കൃത്യതയുമുള്ള 746 പാസുകളാണ് ജെസ്സല്‍ നല്‍കിയത്. ഒരു കളിയില്‍ ഏകദേശം 42 പാസുകള്‍ എന്ന രീതിയില്‍ ഒരു ഐഎസ്എല്‍ അരങ്ങേറ്റക്കാരന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പാസുകളാണ് ഇതിലൂടെ രേഖപ്പെടുത്തിയത്. സീസണില്‍ അഞ്ച് അസിസ്റ്റുകള്‍ സംഭാവന ചെയ്തുകൊണ്ട് അദ്ദേഹം തന്റെ ആക്രമണ കഴിവുകളും പ്രകടിപ്പിച്ചു. ഇത് ഒരു കെബിഎഫ്സി കളിക്കാരന്റെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Top