ജറുസലേം വിഷയം: പ്രതിക്ഷേധം ശക്തമാകുന്നതിനിടെ സമാധാന സന്ദേശവുമായി ട്രംപ്

Trump ,

വാഷിംഗ്ടൺ: ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

സംഘർഷം കൂടുതൽ വ്യാപിക്കുന്നതിനിടെ അക്രമാസക്തമായ ഗാസ, വെസ്റ്റ് ബാങ്ക് മേഖലയിൽ സമാധാന സന്ദേശവുമായി ട്രംപ് രംഗത്ത്.

പ്രതിഷേധത്തിലേർപ്പെട്ടിരിക്കുന്നവർ സംയമനം പാലിക്കണമെന്നും , പ്രചരിപ്പിക്കുന്നവരെയും മറികടന്നു സഹിഷ്ണുതയുടെ ശബ്ദം വിജയം നേടുമെന്നാണു കരുതുന്നതെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

കൂടാതെ ഇസ്രയേലും പലസ്തീനും തമ്മിൽ സുദീർഘമായ സമാധാന ഉടമ്പടി ഒപ്പുവയ്ക്കുന്നതിൽ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും വൈറ്റ് ഹൗസ് പ്രിൻസിപ്പൽ ഡപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ വ്യക്തമാക്കി.

ജറുസലമിനെ തലസ്ഥാനമാക്കുന്നതു ശരിയായ തീരുമാനമാണെന്നും ഷാ പറഞ്ഞു. മധ്യപൂർവേഷ്യയിൽ സമാധാനത്തിന് ഇടനിലക്കാരനായി പ്രവർത്തിക്കുന്നെങ്കിൽ അക്കാര്യത്തിൽ സത്യസന്ധത പാലിക്കേണ്ടതുണ്ട്. ജറുസലം ആണു തലസ്ഥാനമെന്ന ‘സത്യം’ അംഗീകരിക്കുന്നത് അതിന്റെ ആദ്യപടിയാണ് ഷാ കൂട്ടിച്ചേർത്തു.

എന്നാൽ ജറുസലേം വിഷയത്തിൽ ഇടപെടാനില്ലെന്നു യുഎൻ സുരക്ഷാ കൗൺസിൽ വ്യക്തമാക്കിയിരുന്നു.

അമേരിക്കയുടെ ഈ നിലപാടിൽ നിസ്സഹായരാണെന്ന് ബ്രിട്ടനും ഫ്രാൻസും ജർമനിയും ഇറ്റലിയും സ്വീഡനും അറിയിച്ചു. എന്നാൽ ട്രംപ് നടത്തിയ നീക്കങ്ങൾ സമാധാനശ്രമങ്ങൾക്ക് ഒരു തരത്തിലും സഹായകരമാകില്ലെന്നു സുരക്ഷാ കൗൺസിലിന്റെ അടിയന്തിര യോഗത്തിനൊടുവിൽ അഞ്ചു രാജ്യങ്ങളും ആരോപിച്ചു.

അതിനിടെ, ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച രണ്ടു പലസ്തീനികളെ ഇസ്രയേല്‍ സൈന്യം വെടിവെച്ച് കൊന്നു.

ഗാസ അതിര്‍ത്തിയില്‍ അമേരിക്കന്‍ നടപടിക്കെതിരെ പ്രതിഷേധിച്ച പലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ സൈന്യം വിവേചരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു. മുന്നൂറോളം പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിട്ടുമുണ്ട്.

ഗാസ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. യുഎസ് പ്രഖ്യാപനത്തെ തുടര്‍ന്ന് പലസ്തീനിലുടനീളം കനത്ത പ്രതിഷേധം നിലനില്‍ക്കുകയാണ്.

ഗാസയും വെസ്റ്റ്ബാങ്കും ഉള്‍പ്പെടെ ഫലസ്തീന്‍ നഗരങ്ങളിലെല്ലാം ജനങ്ങള്‍ തെരുവിലിറങ്ങി. പല സ്ഥലത്തും പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി.

റാമല്ലക്കും വെസ്റ്റ്ബാങ്കിനും പുറമെ ഹീബ്രോണ്‍, ജെനിന്‍, നെബുലസ്, തുല്‍കരീം തുടങ്ങിയ പട്ടണങ്ങളിലെല്ലാം ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി.

Top