ജെറുസലേം വില്‍ക്കാനുള്ള സ്ഥലമല്ലെന്ന് ; ട്രംപിന് മറുപടിയുമായി പലസ്തീന്‍ പ്രസിഡന്റ്

palastine-us

റാമല്ല: ജെറുസലേം വില്‍ക്കാനുള്ള സ്ഥലമല്ലെന്ന് അമേരിക്കയോട് തുറന്നടിച്ച് പലസ്തീന്‍. പലസ്തീന്റെ അനശ്വര തലസ്ഥാനമാണ് ജെറുസലേമെന്നും, അത് സ്വര്‍ണത്തിനോ പണത്തിനു വേണ്ടിയോ വില്‍ക്കാനുള്ളതല്ലെന്നും, ഏകപക്ഷീയമായി ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയുടെ നടപടിയെ സൂചിപ്പിച്ചു കൊണ്ട് പലസ്തീന്‍ പ്രസിഡന്റിന്റെ ഓഫീസ് വക്താവ് നബീല്‍ അബു റുഡൈന എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

നേരത്തെ, പലസ്തീന് നല്‍കിവരുന്ന വാര്‍ഷിക സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പ്രതികരണമായാണ് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നുകോടിയോളം അമേരിക്കന്‍ ഡോളറിന്റെ വാര്‍ഷിക സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്. ചൊവ്വാഴ്ചയായിരുന്നു പലസ്തീന് സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന ട്രംപിന്റെ ഭീഷണി സന്ദേശം വന്നത്.

നേരത്തെ, കോടിക്കണക്കിന് ഡോളര്‍ സഹായം നല്‍കുന്ന രാജ്യങ്ങളില്‍ നിന്ന് അമേരിക്കയ്ക്ക് തിരികെ ലഭിക്കുന്നത് അപമാനമാണെന്നും ഇത് തുടരേണ്ടതില്ലെന്നും ട്രംപ് ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്.

നേരത്തെ, ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയുടെ നടപടിയില്‍ പ്രതിഷേധിച്ച് യുഎസ് മധ്യസ്ഥതയില്‍ നടന്നുവന്ന സമാധാന ചര്‍ച്ചയില്‍ നിന്ന് പലസ്തീന്‍ പിന്‍മാറിയിരുന്നു. അമേരിക്കയുമായുള്ള നയതന്ത്രബന്ധം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിക്കാന്‍ കാരണം.

Top