പ്രതിഷേധം ശക്തമാവുന്നു; അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ വിമത വൈദികര്‍ പ്രമേയം വായിക്കും

GEORGE ALANCHERY

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി വിശ്വാസികളും. അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ നാളെ വിമത വൈദികരുടെ നേതൃത്വത്തില്‍ പ്രമേയം വായിക്കാനാണ് തീരുമാനം. കൂടെ വിശ്വാസികളും ചേരും. എന്നാല്‍ വിമതനീക്കത്തെ പ്രതിരോധിക്കാനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം.

മെത്രാന്മാരേയോ വൈദികരേയോ കള്ളകേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ തെരുവില്‍ ഇറങ്ങുമെന്ന വൈദികരുടെ മുന്നറിയിപ്പിന്റെ ആദ്യപടിയെന്നോണം നാളെ അതിരൂപതയ്ക്ക് കീഴിലെ ഇടവകകള്‍ തോറും കര്‍ദിനാളിനെതിരായ പ്രമേയം പാസാക്കാനാണ് നീക്കം. 320 ഇടവകള്‍ ഉള്ള രൂപതയിലെ 280 ഓളം ഇടവകകളിലും പ്രമേയങ്ങള്‍ വായിക്കുമെന്നാണ് കര്‍ദിനാള്‍ വിരുദ്ധ പക്ഷം അറിയിക്കുന്നത്.

അതേസമയം വിമതനീക്കങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കാനാണ് സഭാ തീരുമാനം. പ്രമേയം പള്ളികളില്‍ വായിക്കുന്നത് ഒഴിവാക്കാന്‍ നേതൃത്വം ഫെറോന ഭാരവാഹികളോട് ആവശ്യപ്പെട്ടു. സിനഡില്‍ വികാരി ജനറലിനെ വിളിച്ചു വരുത്തി ഇക്കാര്യം ധരിപ്പിച്ചു. വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നാണ് സൂചന. മറ്റ് രൂപതകളിലേക്ക് സ്ഥലം മാറ്റുന്നത് അടക്കമുള്ള നടപടികള്‍ ആലോചിച്ചേക്കുമെന്നും സൂചനയുണ്ട്.

Top