നാറ്റോ സെക്രട്ടറി ജനറലായി ജെൻസ് സ്റ്റോൾട്ടൻബർഗ് ഒരുവർഷം കൂടി തുടരുമെന്ന് പ്രഖ്യാപനം

നാറ്റോയുടെ സെക്രട്ടറി ജനറലായി ജെൻസ് സ്റ്റോൾട്ടൻബർഗ് (64) ഒരുവർഷംകൂടി തുടരുമെന്ന് പ്രഖ്യാപനമായി. യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് ഇത്. അടുത്തിടെ നടന്ന ചർച്ചകളിൽ പരിചയ സമ്പന്നനായ ഒരു പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സൻ, ബ്രിട്ടിഷ് പ്രതിരോധമന്ത്രി ബെൻ വാലസ് തുടങ്ങിയവരെ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി.നോർവേ മുൻ പ്രധാനമന്ത്രി കൂടിയായ സ്റ്റോൾട്ടൻബർഗ് 2014 മുതൽ ഈ സ്ഥാനത്തുണ്ട്. യുക്രെയ്‌നിനു നാറ്റോയുടെ പിന്തുണ ലഭ്യമാക്കുന്നതിൽ സ്റ്റോൾട്ടൻബർഗ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

നോർവെയുടെ കേന്ദ്രബാങ്കിന്റെ മേധാവി എന്ന സ്ഥാനത്തേക്ക് അവരോധിക്കപ്പെടാനിരിക്കേയാണ് നാറ്റോ സെക്രട്ടറി ജനറൽ പദവി നീട്ടി സ്‌റ്റോൾട്ടൻബർഗിന് ഉത്തരവ് എത്തുന്നത്. എന്നാൽ നാറ്റോ അംഗരാഷ്ട്രങ്ങൾ 31 പേരും ഒരേ സ്വരത്തിൽ അഭ്യർഥന നൽകിയത് സ്‌റ്റോൾട്ടൻബർഗിന്റെ നിയമനം നീളാൻ കാരണമായി.

യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിന്റെ ആദ്യം മുതൽ കണ്ടയാൾ എന്ന പ്രത്യേകതയും സ്‌റ്റോൾട്ടൻബർഗിനുണ്ട്. ക്രിമിയയിൽ റഷ്യ അധിനിവേശം നടത്തിയ കാലയളവിലാണ് അദ്ദേഹം ആദ്യം ഈ സ്ഥാനത്ത് അവരോധിതനായത്. പിന്നീട് പല പ്രതിസന്ധികളിലൂടെ അദ്ദേഹം നാറ്റോയെ നയിച്ചു.

ഇടക്കാലത്ത് യുഎസിലെ ട്രംപ് ഭരണകൂടം നാറ്റോയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു. മറ്റു സഖ്യരാഷ്ട്രങ്ങൾ നാറ്റോ പ്രവർത്തനങ്ങൾക്കായി പണം മുടക്കുന്നതു കുറവാണെന്ന് ആരോപിച്ച ട്രംപ് നാറ്റോയിൽ നിന്നു യുഎസ് പുറത്തുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിസന്ധി മൂർച്ഛിക്കാതെ ട്രംപിനെ അനുനയിപ്പിച്ചത് സ്റ്റോൾട്ടൻബർഗാണ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിച്ചടക്കലിനെത്തുടർന്ന് നാറ്റോ സൈന്യത്തെ സുഗമമായി പിൻവലിക്കുന്നതിലും സ്റ്റോൾട്ടൻബർഗ് തന്റെ വിരുത് കാട്ടി.

തുടർന്നാണ് ഏറ്റവും പ്രശ്‌നകരമായ യുക്രെയ്ൻ – റഷ്യ യുദ്ധം. വൻശക്തിയായ റഷ്യ എതിർഭാഗത്തു നിലയുറപ്പിച്ചിട്ടും യുക്രെയ്‌ന്റെ ഭാഗത്തു നിന്നു വ്യതിചലിക്കാതെ നാറ്റോ തുടർന്നു. നാറ്റോയും റഷ്യയുടെ യുദ്ധശ്രമത്തിന് ഒരു കാരണമായിരുന്നു. 2019ൽ നാറ്റോയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചെന്നു കുറ്റപ്പെടുത്തിയിരുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, പിന്നീട് പ്രശംസിച്ചതു തന്നെ ഇതിനു നല്ല ഉദാഹറണം. ചെറുപ്പകാലത്ത് യുദ്ധവിരുദ്ധ പ്രവർത്തകനായിരുന്നു സ്‌റ്റോൾട്ടൻബർഗ്. വിയറ്റ്‌നാം യുദ്ധത്തിൽ പ്രതിഷേധിച്ച് നോർവേ തലസ്ഥാനം ഓസ്ലോയിലെ അമേരിക്കൻ എംബസിക്കു നേരെ ഇദ്ദേഹം കല്ലേറും നടത്തിയിട്ടുണ്ട്.

Top