വ്യോമാക്രമണ സമയത്ത് ബാലാകോട്ടിലെ ജെയ്ഷെ ക്യാംപില്‍ പ്രവര്‍ത്തിച്ചത് 300 മൊബൈല്‍ കണക്ഷനുകള്‍

ന്യൂഡല്‍ഹി: പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നടത്തിയ ബാലാകോട്ടില്‍ മുന്നൂറ് മൊബൈല്‍ കണക്ഷനുകള്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്.

വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങള്‍ ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പുവരെ ബലാകോട്ടിലെ ഭീകരക്യാമ്പിനുള്ളില്‍ 300 മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ക്യാമ്പിന് സമീപത്തുള്ള മെബൈല്‍ സിഗ്‌നലുകള്‍ നിരീക്ഷിച്ചാണ് ഇക്കാര്യം കണ്ടെത്തിയത്.

രഹസ്യാന്വേഷണ ഏജന്‍സികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷ(എന്‍.ടി.ആര്‍.ഒ)നാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ബലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ക്യാമ്പിന് നേരെ ആക്രമണം നടത്താന്‍ വ്യോമസേനയ്ക്ക് നിര്‍ദ്ദേശം ലഭിച്ച നിമിഷം മുതല്‍ ഈ ക്യാമ്പ് എന്‍.ടി.ആര്‍.ഒയുടെ നിരീക്ഷണത്തിലായിരുന്നു.

ബാലാക്കോട്ടെ വ്യോമാക്രമണം വിജയമാണെന്ന് വ്യോമസേനാമേധാവി ബി.എസ്.ധനോവ വ്യക്തമാക്കിയിരുന്നു. എത്രപേര്‍ മരിച്ചുവെന്ന് വെളിപ്പെടുത്തേണ്ടത് സര്‍ക്കാരാണെന്നായിരുന്നു വ്യോമസേനാമേധാവി വിശദമാക്കിയത്.

ഫെബ്രുവരി 26 നാണ് മിറാഷ് വിമാനങ്ങള്‍ പാകിസ്ഥാനില്‍ കടന്നുകയറി ആക്രമണം നടത്തുന്നത്. ആക്രമണത്തില്‍ ജെയ്ഷെ ക്യാമ്പ് തകര്‍ന്നുവെന്നാണ് വ്യോമസേന പറയുന്നത്.

Top