ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം, പുതുചരിത്രമെഴുതി കിരീടം നേടി യെലേന ഒസ്റ്റാപെങ്കോ

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ പുതുചരിത്രമെഴുതി കിരീടം നേടി ലാത്വിയന്‍ താരം യെലേന ഒസ്റ്റാപെങ്കോ. ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തിനൊടുവില്‍ മൂന്നാം സീഡ് സിമോണ ഹാലെപ്പിനെ മറികടന്നാണ് ഇരുപതുകാരിയായ ഒസ്റ്റപെങ്കോ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടം നേടിയത്. ആദ്യ സെറ്റ് നഷ്ടമായശേഷം ശക്തമായി തിരിച്ചടിച്ചാണ് ഓസ്റ്റപെങ്കോ കിരീടത്തിലേക്കു റാക്കറ്റേന്തിയത്. സ്‌കോര്‍: 4-6, 6-4, 6-3.

കിരീടത്തോടെ ലോകറാങ്കിങ്ങില്‍ ഒന്നാമതെത്തുമായിരുന്ന ഹാലെപിനെതിരെ മികച്ച പോരാട്ടമാണ് ഒസ്റ്റപെങ്കോ പുറത്തെടുത്തത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടതിന് പുറമെ രണ്ടാം സെറ്റില്‍ 3-0ത്തിന് പിന്നിലായ ശേഷമാണ് ഒസ്റ്റപെങ്കോ വിജയം പിടിച്ചെടുത്തത്. മൂന്നാം സെറ്റില്‍ 3-1ന് ഹാലെപ് മുന്നിട്ടു നിന്നെങ്കിലും ആ മുന്‍തൂക്കം നിലനിര്‍ത്താന്‍ റൊമാനിയന്‍ താരത്തിനായില്ല. ലോക റാങ്കിങ്ങില്‍ 47-ാം സ്ഥാനത്തുള്ള ഒസ്റ്റപെങ്കോ ഫ്രഞ്ച് ഓപ്പണില്‍ സീഡില്ലാ താരമായാണ് കിരീടനേട്ടം വരെയെത്തിയത്.

ഇത് രണ്ടാം തവണയാണ് ഹാലെപ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ പരാജയപ്പെടുന്നത്. 2014-ല്‍ ഇതിനു മുമ്പ് ഫൈനലിലെത്തിയ ഹാലെപ് അന്ന് മരിയ ഷറപ്പോവയോടു പരാജയപ്പെടുകയായിരുന്നു.

Top