ബെസോസിനെ ചതിച്ചത് സൗദിയല്ല, അളിയന്‍! ‘പ്രണയവാര്‍ത്ത’ 2 ലക്ഷം ഡോളറിന് വിറ്റു

മസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ വിവാഹേതരബന്ധം ചോര്‍ത്തിയത് സൗദി അറേബ്യയാണെന്ന വാദത്തിന് ഫുള്‍സ്റ്റോപ്പിട്ട് മാന്‍ഹാട്ടണിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ രംഗത്ത്. ബെസോസിന്റെ കാമുകി തന്റെ സഹോദരന് സ്വകാര്യ സന്ദേശങ്ങള്‍ കൈമാറിയതാണ് വിവരം ചോരാന്‍ വഴിയൊരുക്കിയതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ സ്വകാര്യ സന്ദേശങ്ങള്‍ സഹോദരന്‍ വാര്‍ത്ത പുറത്തുവിട്ട നാഷണല്‍ എന്‍ക്വയററിന് വിറ്റതാണെന്നാണ് വിവരം.

ആമസോണ്‍ സ്ഥാപകന് അയച്ച സന്ദേശങ്ങളാണ് കാമുകി ലോറന്‍ സാഞ്ചെസിന്റെ ഫോണില്‍ നിന്നും സഹോദരന്‍ മൈക്കിള്‍ സാഞ്ചെസിന് ലഭിച്ചത്. 2018 മെയ് 10ന് അയച്ച ഈ സന്ദേശങ്ങളുടെ തെളിവ് ഉള്‍പ്പെടെയാണ് പ്രോസിക്യൂട്ടര്‍മാര്‍ക്ക് ലഭിച്ചതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സന്ദേശങ്ങള്‍ പരിശോധിച്ചതിന് പുറമെ വാര്‍ത്ത ചോര്‍ത്താന്‍ എന്‍ക്വയററില്‍ നിന്ന് 200,000 ഡോളര്‍ വാങ്ങിയ മൈക്കിള്‍ സാഞ്ചസിന്റെ കരാറും ഇവര്‍ പരിശോധിച്ചു.

ബെസോസിന്റെ നഗ്‌ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയും, ഫോണ്‍ ഹാക്ക് ചെയ്ത വിവരങ്ങളും പുറത്തുവിടുമെന്ന് എന്‍ക്വയറര്‍ ഭീഷണിപ്പെടുത്തിയിരുന്നതായുള്ള ബെസോസിന്റെ പരാതിയെത്തുടര്‍ന്ന് നടത്തുന്ന അന്വേഷണങ്ങളിലാണ് പുതിയ വിവരങ്ങള്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് ലഭിച്ചത്. എന്‍ക്വയററുടെ സാമ്പത്തിക ശ്രോതസ്സ് സൗദി അറേബ്യ ആയതിനാല്‍ വാര്‍ത്തകള്‍ ചോര്‍ത്തിയതിന് പിന്നില്‍ സൗദിയാണെന്നാണ് ബെസോസ് ആരോപിച്ചത്.

ബെസോസിന്റെ വാട്‌സ്ആപ്പിലേക്ക് സൗദി രാജകുമാരന്‍ ഫയല്‍ ഹാച്ച് ചെയ്യാനുള്ള വീഡിയോ അയച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിന് പിന്നാലെയാണ് കാമുകിയുടെ സഹോദരന്‍ പത്രത്തിന് വിവരം ചോര്‍ത്തിയെന്ന് വ്യക്തമാകുന്നത്.

Top