ചിത്രീകരണം പുനരാരംഭിച്ച് ‘റാം’, സന്തോഷം പങ്കുവച്ച് ജീത്തു ജോസഫ്

മോഹന്‍ലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചു. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിക്കുന്ന ചിത്രം കോവിഡ് പ്രതിസന്ധിമൂലം നിർത്തിവയ്ക്കുകയായിരുന്നു. മൂന്ന് വർഷത്തിനു ശേഷം സിനിമയുടെ ചിത്രീകരണം വീണ്ടും ആരംഭിക്കുകയാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചു. തന്‍റെ ജീവിതത്തിലിന്നോളം ചെയ്തിട്ടുളളതില്‍ ഏറ്റവും ചെലവേറിയ സിനിമയാണ് റാമെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

തൃഷയാണ് ചിത്രത്തിലെ നായിക. സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹൻലാൽ എത്തുന്നത്. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം 2020 തുടക്കത്തിൽ കൊച്ചിയിൽ ആരംഭിച്ചിരുന്നു. വിദേശ രാജ്യങ്ങൾ പ്രധാന ലൊക്കേഷനായതിനാൽ കോവിഡ് വ്യാപനത്തോടെ ചിത്രീകരണം പൂർണമായും നിർത്തിവയ്‌ക്കേണ്ടി വന്നു. എറണാകുളം , ധനുഷ്കോടി, ഡല്‍ഹി, ഉസ്ബെക്കിസ്ഥാൻ, കെയ്റോ, ലണ്ടൻ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.

Top